 അപകടം തുടർക്കഥയാകുന്നു  രണ്ടാഴ്ചക്കുള്ളിൽ മരിച്ചത് 10 പേർ

തുറവൂർ : പേര് മാതൃകാ സുരക്ഷാ പാത. അപകടങ്ങളുടെ എണ്ണമാകട്ടെ ഓരോദിനം കഴിയുന്തോറും പേടിപ്പെടുത്തും വിധം വർദ്ധിക്കുന്നു. ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മുതൽ അരൂർ ബൈപ്പാസ് വരെയുള്ള ഭാഗമാണ് മാതൃകാ സുരക്ഷാപാതയായി പ്രഖ്യാപിച്ചിട്ടുള്ളത്. അപകടങ്ങൾ തുടർക്കഥയായ ഇവിടെ പുതുവർഷം തുടങ്ങി രണ്ടാഴ്ചക്കുള്ളിൽ പത്തോളം പേരാണ് വാഹനാപകടത്തിൽ മരിച്ചത്.

ഇന്നലെ പുലർച്ചെ പട്ടണക്കാട് ബിഷപ്പ് മൂർ സ്കൂളിന് മുൻവശം സൈക്കിൾ യാത്രക്കാരനായ കളവംകോടം അശോക ഭവനം വിജയൻ (52) വോൾവോ ബസിടിച്ചു മരിച്ചതാണ് അവസാന അപകടം. ഇതിന് സമീപമാണ്

10 ന് പുലർച്ചെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങവേ സഹോദരങ്ങൾ അജ്ഞാത വാഹനമിടിച്ച് മരിച്ചത് .അന്ന് വൈകിട്ട് മൂന്നിന് റിട്ട. അദ്ധ്യാപകൻ എൻ.സുകുമാരൻ തുറവൂർ ജംഗ്ഷനിൽ ടോറസ് ലോറിയിടിച്ചു മരിച്ചു.

ദേശീയപാതയിൽ രക്തചൊരിച്ചിൽ ഇല്ലാത്ത ഒരു ദിവസം പോലുമില്ലെന്ന് നാട്ടുകാർ പറയുന്നു. മാതൃകാ സുരക്ഷാ പാത പേരിൽ മാത്രം. ഒതുങ്ങിയതോടെ ഇപ്പോൾ ഭയപ്പോടോെയാണ് യാത്രക്കാർ ഇതുവഴി സഞ്ചരിക്കുന്നത്. രാത്രികാലങ്ങളിലും പുലർച്ചെയുമാണ് അപകടങ്ങൾ കൂടുതലും സംഭവിക്കുന്നത്.. അപകടം വരുത്തി വയ്ക്കുന്ന വാഹനങ്ങൾ നിറുത്താതെ കടന്നു കളയുന്നതും തുടർക്കഥയാവുകയാണ്.സഹോദരങ്ങളുടെ മരണത്തിനിടയാക്കിയ വാഹനം ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

വർഷങ്ങൾക്ക് മുമ്പ് അധികൃതർ നടത്തിയ പഠനത്തിൽ തുടർച്ചയായി അപകടം ഉണ്ടാകുന്ന സ്ഥലങ്ങൾ ( ബ്ലാക്ക് സ്‌പോട്ടുകൾ) കണ്ടെത്തിയിരുന്നുവെങ്കിലും അവിടെ അപകടം ഒഴിവാക്കുന്നതിനുള്ള തുടർ നടപടികളൊന്നും ഉണ്ടായില്ല. ലക്ഷങ്ങൾ മുടക്കി ഈ പാതയിൽ സ്ഥാപിച്ച ക്യാമറകളുടെ പ്രവർത്തനം പൂർണമായി നിലച്ചിരിക്കുകയാണ്. തങ്കിക്കവലയിലെ സിഗ്നൽ സംവിധാനം നിലച്ചതും ദേശിയ പാതയിലെ മീഡിയനിൽ സ്ഥാപിച്ചിട്ടുള്ള വഴിവിളക്കുകൾ തെളിയാത്തതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു.

അപകട കാരണങ്ങൾ

അശാസ്ത്രീയമായ ദേശീയപാത നിർമ്മാണം.,

 മതിയായ വേഗത നിയന്ത്രണ സംവിധാനങ്ങളില്ലാത്തത്,

വഴിവിളക്കുകൾ തെളിയാത്തതിനെ തുടർന്നുള്ള വെളിച്ചക്കുറവ്,

 അമിത വേഗത, ഡ്രൈവർമാരുടെ അശ്രദ്ധ

അപകടമേഖലകൾ

അരൂർ ,ചന്തിരൂർ ,എരമല്ലൂർ, ചമ്മനാട് ,കോടംതുരുത്ത് ,കുത്തിയതോട് ,എൻ സി സി കവല, ,തുറവൂർ, ,പുത്തൻചന്ത ,വയലാർ കവല , പുതിയകാവ്, ഒറ്റപ്പുന്ന