പൂച്ചാക്കൽ: സ്ത്രീ ശാസ്തീകരണത്തിനും ലിംഗസമത്വത്തിനും മുറവിളി കൂട്ടുന്ന ഇക്കാലത്ത് അതിനായി മതിലോ കുളമോ നിർമ്മിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി റിട്ട.ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. വേൾഡ് മദർ വിഷന്റെ 21-ാം വാർഷികവും തൈക്കാട്ടുശ്ശേരി കണിയാംപറമ്പിൽ മേരി മാത്യു അനുസ്മരണ അവാർഡ് ദാന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ സ്ത്രീകൾക്കാണ് കൂടുതൽ കഴിയുക. അതിലൂടെ സ്ത്രീ ശാക്തീകരണം തനിയെ സാദ്ധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേൾഡ് മദർ വിഷൻ സി .ഇ.ഒ ജോയി കെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. ജീവകാരുണ്യ - കാർഷിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ലത അനൂപ്, ഷാജി തുണ്ടത്തിൽ, ഡെയ്സി ജേക്കബ്, നിഷ ജോസ് കെ മാണി, ഐഷ മാധവ് തുടങ്ങിയവർക്ക് പന്തളം കൊട്ടാരം പ്രതിനിധി പി. ജി. ശശികുമാര വർമ്മ, കോവിൽമല രാജാവ് രാമൻ രാജമന്നൻ, എം. എം. ആരിഫ് എം.എൽ.എ എന്നിവർ അവാർഡ് സമ്മാനിച്ചു . 'ജലസ്പർശം കൊതിക്കുന്ന വേരുകൾ" എന്ന ഹൃസ്വചിത്രത്തിന്റെ പൂജാചടങ്ങ് ഇ.എസ് ബിജിമോൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരങ്ങളായ അംബിക മോഹൻ, മാനസ രാധാകൃഷ്ണൻ, റിതു കല്യാണി, ഗായകൻ ആദിത്യ സുരേഷ്, ബിബി പ്രസാദ്, ജാക്സൻ ആറാട്ടുകുളം, പൂച്ചാക്കൽ ജോസ്, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സി. ബി. സർക്കാരിന്റെ മാജിക് ഷോയും നടന്നു.