എക്കൽ നീക്കം ചെയ്യുന്നതിന്റെ മറവിൽ വേമ്പനാട്ടു കായലിൽ മണലൂറ്റ്
ആലപ്പുഴ: പ്രളയത്തിനു ശേഷം വേമ്പനാട്ടു കായലിൽ അടിഞ്ഞുകൂടിയ എക്കൽ നീക്കം ചെയ്യുന്നതിന്റെ (കട്ട കുത്തൽ) മറവിൽ മണലൂറ്റ് വ്യാപകം. കായലിന്റെ വിസ്തൃതി വല്ലാതെ കുറഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടാവുന്നില്ല.
പ്രളയാനന്തരം 130 ടൺ എക്കലാണ് കായലിൽ അടിഞ്ഞിരിക്കുന്നത്. ഇതു നീക്കിയില്ലെങ്കിൽ ആഴം കുറഞ്ഞ് മത്സ്യസമ്പത്ത് നഷ്ടമാകും. വർഷങ്ങൾക്ക് മുമ്പ് വരെ വർഷത്തിൽ ഒരു തവണയെങ്കിലും കായലിൽ കട്ടകുത്ത് നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇതിന്റെ മറവിൽ വൻതോതിൽ മണലൂറ്റാണ് നടക്കുന്നത്. തണ്ണീർമുക്കം ബണ്ട് മുതൽ പൂത്തോട്ട വരെയാണ് മണലൂറ്റ് വ്യാപകം. വേമ്പനാട്ടിൽ മുമ്പ് കക്ക വാരൽ നടത്തിയ പ്രദേശങ്ങളിലാണ് മണലൂറ്റ് വലിയതോതിൽ നടത്തുന്നത്. 14 സൊസൈറ്റികളിലായി ആയിരത്തിലേറെ കക്ക തൊഴിലാളികൾ പണിയെടുത്തിരുന്ന കായലിൽ, ഇപ്പോഴത്തെ ശോച്യാവസ്ഥ മൂലം
ഏറെ ബുദ്ധിമുട്ടിയാണ് ഇവരെല്ലാം വരുമാന മാർഗം കണ്ടെത്തുന്നത്. 120 ഇനം മത്സ്യങ്ങളാണ് വേമ്പനാട്ടു കായലിൽ ഉള്ളതെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. അർദ്ധരാത്രിയിലും അവധി ദിവസങ്ങളിലുമാണ് മണൽ കടത്ത്. മണലൂറ്റ് മത്സ്യസമ്പത്തിന്റെ നാശത്തിനും പാരിസ്ഥിതിക പ്രശ്നത്തിനും വഴിയൊരുക്കുകയാണ്.
വീടുകൾക്ക് വിള്ളൽ
ആഴംകുറഞ്ഞ ഭാഗത്തു നിന്ന് തീരപ്രദേശത്തക്ക് പമ്പ് ചെയ്താണ് കായലിലെ മണൽ ശേഖരിക്കുന്നത്. അരൂക്കുറ്റി മാത്താനം തീരത്തിന്റെ വടക്ക് ഭാഗത്ത് ജെറ്റ് പമ്പ് ഉപയോഗിച്ച് മണൽ വാരുന്നുണ്ട്. കായൽ തീരത്ത് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് താമസിക്കുന്നത്. മണൽവാരലിനെ തുടർന്ന് വീടുകൾക്ക് വിള്ളൽ വീഴുകയും തീരത്തെ കൽക്കെട്ടുകൾ തകരുകയും ചെയ്യുന്നുണ്ട്. ശക്തമായ വേലിയേറ്റം ഉണ്ടാകുമ്പോൾ മണലൂറ്റിയ ഭാഗങ്ങളിൽ പുരയിടങ്ങളിലേക്ക് വെള്ളം ഇരച്ച് കയറുന്നത് പതിവാണ്. റവന്യു, പൊലീസ് അധികൃതരുടെ ഒത്താശയോടെയാണ് ഖനനം നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കറുത്ത കക്കയുടെ പ്രജനനത്തെയും മണലൂറ്റ് ബാധിക്കുന്നുണ്ട്.
കട്ടകുത്താൻ ആളില്ല
കട്ടകുത്തൽ അഥവാ ചെളിവാരലിന് ആളെ കിട്ടാനില്ലാത്ത അവസ്ഥയാണ്. കട്ടകുത്തൽ ചിലവേറിയതാണ്. കഠിനാദ്ധ്വാനവും വേണം. സാധാരണ നിലയിൽ കായലുകളിൽ ഒന്നു മുതൽ 25 ടൺ വരെ എക്കൽ അടിയുന്നുണ്ട്. പ്രളയത്തിനുശേഷമാണ് 130 ടൺ വരെ അടിഞ്ഞതെന്ന് പഠനങ്ങളിൽ പറയുന്നു.
......................................
'കട്ടകുത്തൽ നടത്തിയ ശേഷം മണലൂറ്റിന് നിയന്ത്രണം കൊണ്ടുവരണം. കട്ട കുത്തിയെടുത്തില്ലെങ്കിൽ കായലിന്റെ ജലശേഷി കുറഞ്ഞ് നീരൊഴുക്ക് തടസപ്പെടും. മത്സ്യസമ്പത്തിനെ ഇത് പ്രതികൂലമായി ബാധിക്കും. പ്രളയാനന്തരം വേമ്പനാട്ട് കായലിൽ ടൺ കണക്കിന് എക്കൽ അടിഞ്ഞിട്ടുണ്ട്. ഇത് നീക്കം ചെയ്തിട്ടില്ല. പ്രളയാനന്തരം കുട്ടനാട്ടിൽ വീടുകളും പറമ്പുകളും ഇരിക്കുന്നുണ്ട്. ഇൗ ചെളി ഇവിടെ നിക്ഷേപിച്ചാൽ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങൾക്ക് ഗുണം ചെയ്യും. റവന്യു ഉദ്യോഗസ്ഥർ കട്ടകുത്തലും മണലൂറ്റും ഒന്നായിട്ടാണ് കാണുന്നത്. വ്യത്യാസം മനസിലാക്കി പ്രവർത്തിക്കണം'
(ഡോ.കെ.ജി. പദ്മകുമാർ, കായൽ ഗവേഷണ ഡയറക്ടർ)