ആലപ്പുഴ : നാടൻ കരിമീനിന്റെ ലഭ്യത കുറഞ്ഞതോടെ ആന്ധ്രയിൽ നിന്നെത്തിക്കുന്ന കരിമീൻ ജില്ലയിലെ വിപണി കീഴടക്കുന്നു. കണ്ടാൽ എളുപ്പത്തിൽ വ്യത്യാസം മനസിലാവില്ലെങ്കിലും രുചിയുടെ കാര്യത്തിൽ നാടൻ കരിമീന്റെ ഏഴയലത്തുപോലും എത്താൻ ആന്ധ്ര മീനിന് കഴിയില്ലെന്ന് മീൻ പ്രേമികൾ പറയുന്നു.

കുട്ടനാടിന്റെ പേര് 'വാടകക്കെടുത്താണ്" ആന്ധ്ര കരിമീനുകൾ വിറ്റഴിക്കുന്നത്. മുമ്പും ആന്ധ്ര കരിമീൻ എത്തിയിരുന്നെങ്കിലും ഇപ്പോൾ ഇവയുടെ വരവ് ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. കുട്ടനാടൻ കരിമീൻ എന്ന പേരിൽ മിക്ക ഹോട്ടലുകളിൽ നിന്നും ലഭിക്കുന്നത് ആന്ധ്ര മീനാണ്.

തോട്ടപ്പള്ളി സ്പിൽവേക്ക് സമീപത്തും എ.സി റോഡിന്റെ വശങ്ങളിലും വിൽക്കുന്നവയിലും ആന്ധ്ര കരിമീനുണ്ട്. വേമ്പനാട്ടുകായലിൽ നിന്നുള്ള മത്സ്യ ലഭ്യത കുറഞ്ഞതാണ് ഇവയുടെ വരവ് വർദ്ധിക്കാൻ കാരണം . മുമ്പ് പ്രതിദിനം നൂറു കണക്കിന് ടൺ കരിമീൻ വരെ തണ്ണീർമുക്കത്ത് വേമ്പനാട്ടുകായലിൽ നിന്ന് ലഭിച്ചിരുന്നു. ഇന്ന് അത് 1000 കിലോയിൽ താഴെയായി കുറഞ്ഞു. കഴിഞ്ഞ വർഷം കിട്ടിയത് 400 ടൺ മാത്രം. ഇരുന്നൂറും ഇരുന്നൂറ്റിയമ്പതും ടൺ കിട്ടിയ വർഷങ്ങളുമുണ്ട്.

 കരിമീൻ കുറഞ്ഞു

ആവാസ വ്യവസ്ഥയിലെ വ്യതിയാനമാണ് കുട്ടനാട്ടിൽ കരിമീൻ കുറയാൻ കാരണമെന്നാണ് പഠനങ്ങൾ വെളിവാക്കുന്നത്. ആറുകളും നദികളും മലീമസമായത് കരിമീനിന്റെ വളർച്ചയേയും പ്രത്യുത്പാദനത്തെയും ബാധിച്ചു.

ഒരു കരിമീനിന് ഒരു ഇണ മാത്രമേ ഉണ്ടാകൂ എന്നതാണ് പ്രത്യേകത. തെളിനീരിൽ മാത്രമേ മുട്ടയിടുകയുള്ളൂ. വെള്ളത്തിനടിയിൽ കുഴിയുണ്ടാക്കി അതിൽ മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തുന്നതാണ് രീതി. 25 ദിവസം വരെ തള്ള മീനിന്റെ പുറത്തുള്ള പ്രത്യേക കൊഴുപ്പാണ് കുഞ്ഞുങ്ങൾ ആഹാരമാക്കുക. കുഞ്ഞ് വളർന്ന് വലുതാകുന്നതുവരെ ഇണകൾ കൂട്ടിരിക്കും.

ടൺ കണക്കിന് ആന്ധ്ര മീൻ

ആന്ധ്രയിൽ നിന്നും ടൺകണക്കിന് കരിമീനാണ് ദിവസേന ജില്ലയിൽ എത്തുന്നത്. ഒരു കിലോയ്ക്ക് 100 രൂപ വിലയിൽ അവിടെ ലഭിക്കുന്ന കരിമീനിന് ഇവിടെ 400 മുതൽ 750 രൂപ വരെയാണ് ഈടാക്കുന്നത്.

ആന്ധ്രയിൽ നിന്നുള്ള കരിമീൻ വലുപ്പത്തിൽ ചെറുതായിരിക്കും. രുചിയിലും വ്യത്യാസമുണ്ടാവും.അതേസമയം കുട്ടനാടൻ കരിമീൻ സൊയമ്പനായിരിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കരിമീൻ വളർത്തുന്നുണ്ട്. നല്ല ഒറിജിനൽ കരിമീൻ അവിടങ്ങളിൽ നിന്നും ന്യായമായ വിലയ്ക്ക് വാങ്ങാം.