photo

ആലപ്പുഴ: സർവോദയ പാലിയേറ്റീവ് കെയർ റീഹാബിലിറ്റേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി എന്ന പേരിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ആദ്യ സാന്ത്വന പരിചരണ പദ്ധതിക്ക് ആലപ്പുഴയിൽ തുടക്കമായി. മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം നിർവഹിച്ചു.

ആദ്യഘട്ടമെന്നോണം ജില്ലയിലെ 150 കിടപ്പുരോഗികൾക്ക് പ്രതിമാസം 500 രൂപ വീതം പെൻഷൻ നൽകിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. എല്ലാ മാസവും ഇവരുടെ അക്കൗണ്ടിൽ പെൻഷനെത്തും. അടുത്ത ഘട്ടത്തിൽ കൂടുതൽ പേർക്ക് പെൻഷൻ നൽകും. സൈഡ് വീൽ ഘടിപ്പിച്ച സൈക്കിൾ, വീൽചെയർ എന്നിവയും ഉദ്ഘാടനത്തോടനുബന്ധിച്ച് വിതരണം ചെയ്തു. സിനിമാതാരവും ഗാന്ധിഭവനിലെ അന്തേവാസിയുമായ ടി.പി. മാധവൻ ഉദ്ഘാടനച്ചടങ്ങിൽ അതിഥിയായി. സർവോദയ പാലിയേറ്റീവ് കെയർ ചെയർമാനും ഡി.സി.സി പ്രസിഡന്റുമായ എം.ലിജു അദ്ധ്യക്ഷനായി. പാലിയേറ്റീവ് കെയർ സംബന്ധിച്ച് ഡോ. സൈറു ഫിലിപ്പ്, ഡോ. ഷാജഹാൻ എന്നിവർ ക്ലാസെടുത്തു. പുനലൂർ സോമരാജൻ, ഷാനിമോൾ ഉസ്മാൻ, എം. മുരളി, സി.ആർ. ജയപ്രകാശ്, ബി. ബാബു പ്രസാദ്, ജോൺസൺ എബ്രഹാം, പഴകുളം മധു, കെ.പി. ശ്രീകുമാർ, ജോൺ തോമസ്, എ.എ. ഷുക്കൂർ, ഡി. സുഗതൻ തുടങ്ങിയവർ സംസാരിച്ചു.