 ജില്ലയിൽ പകർച്ചവ്യാധി പടരുന്നു

ആലപ്പുഴ: പുലർകാലത്ത് ഒന്നാന്തരം തണുപ്പ്. സൂര്യൻ കത്തിക്കയറുന്നതോടെ പൊള്ളുന്ന ചൂടി

ന്റെ വരവായി. തീയിൽ വറുത്തെടുത്ത പോലെയുള്ള മണ്ണിൽ നിന്ന് പൊടിശല്യവും. അഞ്ചു മിനുട്ട് പോലും വെയിലത്ത് നിൽക്കാനാവത്ത അവസ്ഥ. സന്ധ്യ മയങ്ങുന്നതോടെ വീണ്ടും അരിച്ചിറങ്ങിത്തുടങ്ങുന്ന തണുപ്പ് രാത്രിയോടെ വീണ്ടും കഠിനമാകുന്നു. കാലവാസ്ഥയുടെ ഈ ത്രിതല സ്വഭാവത്തോട് എന്തു 'നിലപാട്' സ്വീകരിക്കണമെന്നറിയാതെ ശരീരം ആശങ്കയിലാകവേ, ജില്ലയിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ ജലദോഷത്തിന്റെയും പനിയുടെയും മറ്റ് പകർച്ച വ്യാധികളുടെയും പിടിയിലാവുകയാണ് ദൈനംദിനം.

മാറിയ കാലാവസ്ഥ മൂലം സർക്കാർ, സ്വകാര്യ ആശുപത്രികളിലായി പ്രതിദിനം 500 ഓളം പേർ പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്ക് ചികിത്സതേടി എത്തുന്നുണ്ടെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. വൈറൽപനിയും ചുമയും, ശരീരവേദന, ചിക്കൻ പോക്‌സ്, ചെങ്കണ്ണ്, പലവിധ ത്വക് രോഗങ്ങൾ, ആസ് തമ, എലിപ്പനി, വയറിളക്കം എന്നിവയ്ക്കൊപ്പം എച്ച് വൺ എൻ വൺ പനിയും ജില്ലയെ വല്ലാതെ അലട്ടുകയാണ്. ഭൂരിഭാഗം പേരിലും മൂന്നോ നാലോ ദിവസത്തിനുള്ളിൽ പനി നിയന്ത്രണ വിധേയമാകാറുണ്ടെങ്കിലും ചിലരിൽ രണ്ടാഴ്ച വരെ രോഗത്തിന്റെ അസ്വസ്ഥതകൾ നീണ്ടുനിൽക്കാറുണ്ട്.

വേനൽക്കാലത്തെ പ്രധാന പകർച്ചവ്യാധിയാണ് ചിക്കൻപോക്‌സ്. ഇതിനൊപ്പം ചെങ്കണ്ണും കുട്ടികൾക്ക് ഉൾപ്പെടെ പിടിപെടാറുണ്ട്. ജില്ലയിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഇതിനുള്ള സാദ്ധ്യതയും ഏറെയാണ്. പക്ഷി, മൃഗാദികളിലും കാലാവസ്ഥാ വ്യതിയാനം ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.

.........................................

 വയറിളക്കം പടരുന്നു

ശുദ്ധജലത്തിന്റെ അപര്യാപ്തത മൂലം ജില്ലയിലെ പല ഭാഗങ്ങളിലും വയറിളക്കം പടരുന്നു. ആലപ്പുഴ നഗരസഭയിലാണ് വയറിളക്കം കൂടുതൽ റിപ്പോർട്ട് ചെയ്തത്. പുതുവർഷത്തിൽ ഇതുവരെ 623 കേസുകളുണ്ടായി. നഗരത്തിലെ കുടിവെള്ളക്ഷാമവും രോഗം പടരാൻ ഇടയാക്കുന്നുണ്ട്. മഞ്ഞുകാലം ആയതോടെ വെള്ളം കുടിക്കുന്നതിൽ കുറവ് വരുത്തുന്നതും സ്ഥിതി ഗുരുതരമാക്കുന്നു. ഷിഗല്ല പോലെയുള്ള വയറിളക്ക രോഗങ്ങൾ ജില്ലയിൽ മുൻകാലങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്.

.................................................

 ജനുവരിയിലെ പനിക്കണക്ക് (ഇന്നെലെ വരെ)

# വൈറൽ പനി: 4810

# ചിക്കൻപോക്സ്: 72

# എലിപ്പനി: 11

# ഡെങ്കി: 1

# വയറിളക്കം: 623

# എച്ച് വൺ എൻ വൺ: 4

...................................

'ജില്ലയിൽ പനി നിയന്ത്രണാധീനമാണ്. അതീവ ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. വയറിളക്ക രോഗങ്ങൾക്ക് ബോധവത്കരണം നടത്തുന്നുണ്ട്. ചിക്കൻപോക്സിന് സർക്കാർ ആശുപത്രി വഴി സൗജന്യ മരുന്ന് വിതരണം ചെയ്യുന്നുണ്ട്. കാലാവസ്ഥ വ്യത്യയാനം മൂലമാണ് രോഗം പടരുന്നത്. തിളപ്പിച്ച വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം'

(അനിത കുമാരി, ജില്ലാമെഡിക്കൽ ഒാഫീസർ)