 ബഡ്ജറ്റ് ബുക്ക് കീറിയെറിഞ്ഞ് പ്രതിപക്ഷ പ്രതിഷേധം

ആലപ്പുഴ: വിവിധ മേഖലകളിൽ സമഗ്രവികസനം ലക്ഷ്യമാക്കുന്ന, ആലപ്പുഴ നഗരസഭയുടെ 402.26 കോടിയുടെ ബഡ്ജറ്റിന് പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടെ അംഗീകാരം. ചെയർമാൻ തോമസ് ജോസഫ് ബഡ്ജറ്റ് അവതരിപ്പിക്കാനായി വൈസ് ചെയർപെഴ്സൺ സി. ജ്യോതിമോളെ ക്ഷണിച്ചപ്പോഴേക്കും, ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അംഗീകാരമില്ലാത്ത ബഡ്ജറ്റ് ചട്ടപ്രകാരമല്ലെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് ഡി. ലക്ഷ്മണന്റെ നേതൃത്വത്തിൽ അംഗങ്ങൾ രംഗത്തെത്തിയതോടെ ആകെ ബഹളമായി. മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ, ബഡ്ജറ്റ് ബുക്ക് കീറിയെറിഞ്ഞ ശേഷം യോഗം ബഹിഷ്കരിച്ചു.

# ബഡ്ജറ്റ് ഒറ്റനോട്ടത്തിൽ

 ഭവന നിർമാണം:108 കോടി

 പ്രളയത്തിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി: 50 ലക്ഷം

 1300 വീടുകളുടെ നവീകരണത്തിന് 40,000 രൂപ നൽകുന്ന പദ്ധതി: 5.20 കോടി

 ലൈഫ് മിഷന് ഫ്ലാറ്റ് നിർമിക്കാൻ പറവൂർ വാട്ടർ വർക്സ് കോമ്പൗണ്ടിലെ ഭാഗം

 ആശ്രയ ഭവനങ്ങളുടെ പുനരുദ്ധാരണം:10 ലക്ഷം

 ന്യായവില ഹോട്ടലുകൾ

 ആശ്രയപദ്ധതി:10 ലക്ഷം

 നഗര ഉപജീവന കേന്ദ്രം: 3 ലക്ഷം

 ചാത്തനാട്ട് വനിതാ ഫ്ലാറ്റ്: 75 ലക്ഷം

 വലിയമരത്ത് സ്റ്റാർട്ടപ്പ് ഇൻകുബേറ്റർ സെന്റർ

 വനിതകൾക്കായി വഴിയോര കടകൾ

 വനിതാ സൂപ്പർമാർക്കറ്റ്, കുട നിർമ്മാണ യൂണിറ്റ്

 ജനറൽ ആശുപത്രിയിൽ ട്രോമാ കെയർ ‍യൂണിറ്റ്

 ശുദ്ധജലക്ഷാമം പരിഹാരിക്കാൻ ടാങ്കുകൾ: 33.9 കോടി

 ചാത്തനാട്ട് ഗ്യാസ് ക്രിമറ്റോറിയം:30 ലക്ഷം

 ഉറവിട മാലിന്യ നിർമാർജ്ജനം: 1.17 കോടി

 വിദ്യാലയങ്ങളിൽ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ്: 2. 40 കോടി

# പുത്തൻ പദ്ധതികൾ

 പരിരക്ഷ- സമഗ്ര ആരോഗ്യ പദ്ധതി

 കനിവുറവ- കാൻസർ, ഡയാലിസിസ്, കിടപ്പ് രോഗികൾക്ക് (10 ലക്ഷം)

 മേരാഭായി- ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിപാലനം

 പ്രകാശ സമൃദ്ധി- പാരമ്പര്യേതര ഊർജ്ജ മേഖല

 വീട്ടുമുറ്റത്ത് ഒരു മീൻതോട്ടം- കാർഷിക മേഖലയിൽ മീൻവളർത്തൽ

 തീരകിരണം- മത്സ്യത്തൊഴിലാളി ഭവനങ്ങൾ ക്രമപ്പെടുത്തി നമ്പരിട്ട് നൽകൽ

# കൃഷി

 കാർഷിക മേഖല: 2.30 കോടി

 കൃഷിഭവന് പുതിയ കെട്ടിടം: 50 ലക്ഷം

 പുറംബണ്ട് സംരക്ഷണം: 40 ലക്ഷം

 പാടശേഖരങ്ങൾക്ക് റാമ്പ്: 15 ലക്ഷം

 കുടുംബശ്രീ അംഗങ്ങൾക്ക് തെങ്ങുകയറ്റ മെഷീൻ: 10 ലക്ഷം

# മത്സ്യം

 മത്സ്യ മേഖല: 39 ലക്ഷം

 പൊഴികൾ കെട്ടാൻ: 7 കോടി

 കടലോര മത്സ്യത്തൊഴിലാളികൾക്ക് വിശ്രമകേന്ദ്രം:10 ലക്ഷം

 മൃഗസംരക്ഷണം: 92 ലക്ഷം

 കറവപ്പശു വിതരണം: 20 ലക്ഷം

 തെരുവുനായ്ക്കളുടെ വന്ധ്യംകരണം: 25 ലക്ഷം

........................................................

'പ്രതിപക്ഷ കൗൺസിലർമാർ ബഡ്ജറ്റ് ബുക്ക് കീറിയെറിഞ്ഞത് രാഷ്ട്രീയ പ്രേരിതമാണ്. 14ന് ചേർന്ന ധനകാര്യ സ്ഥിരം സമിതിയിൽ ബഡ്ജറ്റിന്റെ കണക്കു വിവരങ്ങൾ പറഞ്ഞിരുന്നു. എന്നാൽ അന്ന് വിയോജനക്കുറിപ്പ് ഒന്നും തന്നില്ല. ബഡ്ജറ്റ് അലങ്കോലപ്പെടുത്താനാണ് മിണ്ടാതിരുന്നത്. ആലപ്പുഴ സ്‌റ്റേഡിയത്തിന്റെ പൂർത്തീകരണത്തിനായി രണ്ടുമാസം കൂടി കാത്തിരിക്കും. സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ നഗരസഭ നേരിട്ട് സ്റ്റേഡിയം പൂർത്തിയാക്കും'

(തോമസ് ജോസഫ്, നഗരസഭ ചെയർമാൻ)

.................................................................

'ധനകാര്യ കമ്മിറ്റിയുടെ നിർദേശങ്ങൾ അവഗണിച്ചും ചട്ടവിരുദ്ധവുമായാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. 14ന് ചേർന്ന കമ്മിറ്റിയുടെ നിർദേശങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. പ്രളയത്തിനുശേഷമുള്ള ബഡ്ജറ്റ് ആയിട്ടും പ്രളയബാധിതർക്ക് ആവശ്യമായ പദ്ധതികൾ ഉൾക്കൊള്ളിച്ചിട്ടില്ല. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതികൾ ഉപേക്ഷിച്ചും പല കമ്മിറ്റികളെയും നോക്കുകുത്തിയാക്കിയുമാണ് ബഡ്ജറ്റ് തയ്യാറാക്കിയത്'

(ഡി.ലക്ഷ്മണൻ, നഗരസഭ പ്രതിപക്ഷ നേതാവ്)

.........................................

'നഗരസഭാ പരിധിയിൽ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോൾ അത് തടസപ്പെടുത്തുന്ന നടപടിയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. കാർഷിക-മത്സ്യ മേഖലയിലുൾപ്പെടെ സമഗ്ര വികസനമാണ് നഗരസഭ ബഡ്ജറ്റിലൂടെ ലക്ഷ്യമിടുന്നത്. ബഡ്ജറ്റ് ബഹിഷ്കരിച്ച് ഇറങ്ങിപ്പോയതോടെ ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുകയാണ്. സംസ്ഥാനത്തിന് തന്നെ മാതൃകയായി ആലപ്പുഴ നഗരസഭയിൽ വികസനം നടപ്പാക്കും'

(ബഷീർ കോയാപറമ്പിൽ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ)