കുട്ടനാട്: വീട്ടുമുറ്റത്ത് ഭാര്യയുടെ മുന്നിൽവെച്ച് വെട്ടും കുത്തുമേറ്റ് മരിച്ച ആട്ടോറിക്ഷ ഡ്രൈവർ തലവടി കളങ്ങര അമ്പ്രയിൽ പുത്തൻപറമ്പിൽ അനിലിന്റെ (40) മൃതദേഹം വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കരിച്ചു.
കഴിഞ്ഞ ഞായറാഴ്ച രാത്രി 12.30നാണ് അനിൽ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം എടത്വയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ സൃഹൃത്തുകളുടേയും നൂറുകണക്കിന് ആട്ടോറിക്ഷകളുടെയും അകമ്പടിയോടെ വിലാപയാത്രയായാണ് മൃതദേഹം വീട്ടിലെത്തിച്ചത്. അക്രമത്തിനിടെ കുത്തേറ്റ് കൈയ്ക്ക് സാരമായി പരിക്കുപറ്റി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഭാര്യ സന്ധ്യയും സംസ്കാര ചടങ്ങിനെത്തിയിരുന്നു. പ്രതികളായ തലവടി കൊച്ചുപറമ്പിൽ കെവിൻ, സുഹൃത്ത് ഇരുപ്പൂട്ടിൽചിറ വീട്ടിൽ അമൽ (അപ്പു) എന്നിവർ റിമാൻഡിലാണ്.