ഹരിപ്പാട്: വ്യാപരിച്ച കർമ്മമേഖലകളിലെല്ലാം സാമൂഹ്യ, ഭാവുകത്വമാറ്റങ്ങൾക്ക് ആഹ്വാനം ചെയ്ത മഹാപ്രതിഭയായിരുന്നു കുമാരനാശാനെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീ സ്വാതന്ത്ര്യത്തെയും സമത്വത്തെയും വാഴ്ത്തിപ്പാടുന്ന 'ചിന്താവിഷ്ടയായ സീത' യുടെ നൂറാം വാർഷികത്തിൽ ഈ കൃതിയെപ്പറ്റി മികവുറ്റ പ്രഭാഷണങ്ങൾ സംഘടിപ്പിക്കണം. ''അജ്ജാതി രക്തത്തിലുണ്ടോ അസ്ഥിമജ്ജ ഇതുകളിലുണ്ടോ?'' എന്ന ചോദ്യത്തിന് മുൻപിൽ അദ്ധ്യാത്മികതയും ഭൗതികതയും തലകുനിച്ച് പിൻമാറേണ്ടിവരിക എന്നുള്ളത് ആശാന്റെ കവിതകൾക്കുള്ള വിപ്ലവകരമായ കഴിവാണെന്നും അദ്ദേഹം പറഞ്ഞു. മഹാകവി കുമാരനാശാന്റെ 96ാമത് ചരമവാർഷികത്തോടനുബന്ധിച്ച് പല്ലന കുമാരകോടിയിലെ ആശാൻ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്മാരകസമിതി ചെയർമാൻ രാജീവ് ആലുങ്കൽ, സെക്രട്ടറി പ്രൊഫ.ഖാൻ, ഇളനെല്ലൂർ തങ്കച്ചൻ, ഡോ.രവീന്ദ്രൻ, കെ.രാമകൃഷ്ണൻ, തോട്ടപ്പള്ളി രവീന്ദ്രനാഥ്, പാണ്ഡവത്ത് വിനോദ്കുമാർ, സുജിത് കുമാരപുരം, ഡി.കാശിനാഥൻ, സജീവൻ വലിയഴീക്കൽ, രഘുനാഥൻ, ഗോകുൽ, നടരാജൻ, ശിവാനന്ദൻ, എച്ച്.നിയാസ് എന്നിവർ പങ്കെടുത്തു.