bindu

ചേർത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണം ആദ്യഘട്ടം പിന്നിട്ടു. എസ്.പി പ്രശാന്ത് കാണിയുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ജോർജ്ജ്‌ ചെറിയാന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.

തിരോധാനവും ഭൂമിതട്ടിപ്പ് ഉൾപ്പെടെയുള്ള 5 കേസുകളും രണ്ട് അന്വേഷണ സംഘങ്ങളാണ് ആദ്യം അന്വേഷിച്ചത്. വ്യാജരേഖ ചമച്ച് ഭൂമി തട്ടിപ്പ് നടത്തിയ കേസ് ചേർത്തല ഡിവൈ.എസ്.പിയായിരുന്ന എ.ജി.ലാലിന്റെ നേതൃത്വത്തിലുള്ള സംഘവും ബിന്ദുവിന്റെ തിരോധാനം നർക്കോട്ടിക് സെൽ ഡിവൈ.എസ്.പിയായിരുന്ന എ.നസീമിന്റെ നേതൃത്വത്തിലുമാണ് അന്വേഷിച്ചത്. ഇവർ കണ്ടെത്തിയ വിവരങ്ങൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചത്.
സംശയ നിഴലിലുള്ളവരെയും ആരോപണ വിധേയരേയും കേസിൽ പ്രതിചേർക്കപ്പെട്ടവരെയും വീണ്ടും ചോദ്യം ചെയ്യാനാണ് പുതിയ സംഘത്തിന്റെ തീരുമാനം. പരാതിക്കാരനായ സഹോദരൻ പ്രവീൺകുമാറിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു. ബിന്ദുവിന്റെ പിതാവ് പത്മനാഭപിള്ളയുടെ പേരിലുള്ള വിൽപത്രം വ്യാജമാണെന്ന് കാട്ടി സഹോദരൻ പ്രവീൺ പരാതി നൽകിയിരുന്നു. തുടർന്ന് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ ഒപ്പ് പരിശോധിക്കാനായി തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ അയച്ചിരുന്നു. ആദ്യ പരിശോധനാഫലത്തിൽ ഒപ്പിൽ പൊരുത്തക്കേടുകൾ ഉള്ളതായി കണ്ടെത്തി. തുടർന്ന് വീണ്ടും പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ആദ്യം അയച്ച ഒപ്പ് എറണാകുളത്ത് ജോലി ചെയ്തിരുന്നപ്പോഴുള്ള സർവീസ് ബുക്കിലേതാണ്. എന്നാൽ രണ്ടാമത് പരിശോധനയ്ക്ക് അയച്ചത് പത്മനാഭപിള്ള വിരമിക്കുമ്പോൾ ജോലി ചെയ്തിരുന്ന പാലക്കാട് ഓഫീസിലേതാണ്. ഇതിന്റെ പരിശോധനാ ഫലം വന്ന ശേഷമായിരിക്കും തുടർ നടപടികൾ. ഈ വിൽപത്രം ഉപയോഗിച്ചാണ് കുടുംബം ഉൾപ്പെടുന്ന ഒരേക്കറിലേറെ സ്ഥലവും വീടും വിൽപ്പന നടത്തിയത്. 2017സെപ്തംബറിലായിരുന്നു പ്രവീൺകുമാർ സഹോദരിയെ കാണാനില്ലെന്ന് ആഭ്യന്തര വകുപ്പിന് പരാതി നൽകിയത്.