ambalapuzha-news
അപകടത്തിൽപ്പെട്ട സുമോ അഗ്നിശമന സേന റോഡരികിലേക്കു മാറ്റുന്നു

അമ്പലപ്പുഴ: കാൽനട യാത്രക്കാരനായ യുവാവിനെ ഇടിച്ച കാർ നിയന്ത്രണം തെറ്റി സുമോ വാനിലിടിച്ചു 4 പേർക്ക് പരിക്ക്. കാൽനട യാത്രികൻ പുറക്കാട് മേൽപ്പുര പറമ്പിൽ സിബിൻ (22), കാർ യാത്രക്കാരായ വളഞ്ഞ വഴി കറുകപ്പറമ്പിൽ സുഭാഷ് (62), രാധാമണി (59), കമലാക്ഷി (79) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ദേശീയപാതയിൽ പുറക്കാട് പഴയങ്ങാടി ഭാഗത്തായിരുന്നു അപകടം. വളഞ്ഞവഴിയിലേക്കു പോകുകയായിരുന്ന കാർ സിബിനെ ഇടിച്ചു വീഴ്ത്തിയ ശേഷം എതിരെ വന്ന സുമോ വാനിലും ഇടിക്കുകയായിരുന്നു. സുമോയുടെ മുൻ ഭാഗത്തെ വീൽ ഊരിമാറിയെങ്കിലും ആർക്കും പരിക്കില്ല. തകഴിയിൽ നിന്ന് അഗ്നിശമന സേന എത്തി വാഹനം റോഡിൽ നിന്നു മാറ്റിയ ശേഷമാണ്, അര മണിക്കൂറോളം തടസപ്പെട്ട ഗതാഗതം പുന:സ്ഥാപിച്ചത്.