pkl-2

പൂച്ചാക്കൽ: പാണാവള്ളിയിലെ വിവിധ സ്ഥലങ്ങളിൽ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. നല്പത്തെണ്ണീശ്വരം ജംഗ്ഷനു വടക്ക് എം.എൽ.എ റോഡിൽ പായിപ്പാടിന് സമീപവും തൃച്ചാറ്റുകുളം കുടപുറം റോഡിന് സമീപവുമാണ് പൈപ്പ് പൊട്ടി മാസങ്ങളായി ശുദ്ധജലം പാഴാകുന്നത്.

പ്രദേശവാസികൾ നിരവധി തവണ അധികൃതരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പൈപ്പ് പൊട്ടി വെള്ളം റോഡിലും സമീപ പ്രദേശത്തെ വീടുകളിലേക്കും ഒഴുകിക്കൊണ്ടിരിക്കുകയാണ്. മൂവാറ്റുപുഴ ആറ്റിൽ നിന്നു മാക്കേക്കവല പ്ലാന്റിലേക്ക് വരുന്ന പ്രധാന പൈപ്പിന്റെ അറ്റകുറ്റപ്പണിയെത്തുടർന്ന് 21ന് ശേഷം പൂർണ്ണമായും ശുദ്ധജല വിതരണം മുടങ്ങും.

പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നതിനാൽ വീടുകളിലെ പൈപ്പുകളിൽ നിന്നു വേണ്ടത്ര അളവിൽ വെള്ളം ലഭ്യമാകുന്നില്ല. പൊട്ടിയ പൈപ്പുകളുടെ തകരാർ അടിയന്തിരമായി പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.