കുട്ടനാട്: പ്രളയത്തിൽ കനത്ത നാശനഷ്ടമുണ്ടായ നീലംപേരൂർ പഞ്ചായത്ത് അതിജീവനത്തിന്റെ വഴിയിലൂടെ അതിവേഗം മുന്നേറുന്നു.
നാട്ടുകാരനും സാമൂഹിക പ്രവർത്തകനുമായ അഡ്വ.അമൽ ദേവരാജിന്റെയും ബംഗളുരു സ്വദേശി ജയരാജിന്റെയും നേതൃത്വത്തിൽ വിവിധ ജീവകാരുണ്യ പ്രസ്ഥാനങ്ങൾ വഴി ഒന്നര കോടിയുടെ പുനരധിവാസ പ്രവർത്തനങ്ങളാണ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി നടക്കുന്നത്. നീലംപേരൂർ ഒന്നാം വാർഡിലെ ആക്കനടിയിലും പതിനൊന്നാം വാർഡിലെ കാരിക്കുഴി പുതുവൽ പ്രദേശത്തും ആർ.ഒ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ പ്രവർത്തനം തുടങ്ങി. ടാനിയ സ്‌കറിയ (യു.എസ്.എ), ജയരാജ് ഹരിഹരൻ (ബംഗളുരു) എന്നിവർ ചേർത്തല റോട്ടറി ക്ലബ്ബുമായി സഹകരിച്ചാണ് ആർ.ഒ പ്ലാന്റ് സംഭാവനയായി നൽകിയത്.
ആർ.ഒ പ്ലാന്റിന്റെ സമർപ്പണം ഒറാക്കിൾ ഇന്ത്യ ഡയറക്ടർ ജയരാജ് ഹരിഹരൻ നിർവ്വഹിച്ചു. നീലംപേരൂർ പഞ്ചായത്തംഗം കുഞ്ഞുമോൾ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.അമൽ ദേവരാജ് ചെറുകര, ജോസഫ് കുര്യൻ, ഡോ.അനിൽ വിൻസെന്റ് , നീലംപേരൂർ പഞ്ചായത്തംഗം വിനയൻ ചെറുകര, ലാൽജി, അജിമോൻ ആക്കനടി എന്നിവർ സംസാരിച്ചു. നീലംപേരൂർ, കാവാലം പഞ്ചായത്തുകളില്ലായി ഇതുവരെ 4 ആർ.ഒ പ്ലാന്റുകൾ സ്ഥാപിച്ചു .