photo
ഗവ:ആയുർവ്വേദ ഫ്ളോട്ടിംഗ് ഡിസ്പെൻസറി 'ആരോഗ്യനൗക'യുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ നിർവഹിക്കുന്നു

ആലപ്പുഴ: പ്രളയാനന്തരം അതി​ജീവനത്തി​ന്റെ പാതയി​ൽ മുന്നോട്ടുനീങ്ങുന്ന കുട്ടനാടി​ന് ആയുർവേദ ചി​കി​ത്സയുടെ സംരക്ഷണമേകാൻ ആരോഗ്യ നൗക. പൂർണമായും ജലത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന കുട്ടനാട്ടിലെ ജീവിത സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ആരോഗ്യമേഖലയിലെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടാണ് ഗവ:ആയുർവേദ ഫ്ളോട്ടിംഗ് ഡിസ്പെൻസറി പ്രവർത്തനമാരംഭി​ച്ചത്.

ഭാരതീയ ചികിത്സാ വകുപ്പ് ആലപ്പുഴ, നാഷണൽ ആയുഷ് മിഷൻ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് എന്നി​വയുടെ സംയുക്ത സംരംഭമാണി​ത്.

കുട്ടനാട്ടിലെ ഉൾനാടൻ പ്രദേശവാസികൾക്ക് ആയുർവേദ ചികിത്സാ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. നെടുമുടി കൊട്ടാരം ബോട്ട് ജെട്ടിയിൽ നടന്ന സമ്മേളനത്തിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി .വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു.

നെടുമുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.കെ.സി. ശ്രീനിജൻ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. മാത്യൂ, ജില്ലാ മെഡിക്കൽ ഓഫീസർ എസ്. ഷീബ, ആരോഗ്യനൗക നോഡൽ ഓഫീസർ ഡോ: എസ്. ജീവൻകുമാർ, ഡോ.റോയ് ബി. ഉണ്ണിത്താൻ, ജനപ്രതിനിധികളായ വി.ശശി, രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.

ആരോഗ്യനൗക

കുട്ടനാട്ടിലെ ജലഗതാഗത മാർഗമുള്ള എല്ലാ പ്രദേശങ്ങിലും ആരോഗ്യനൗകയുടെ സേവനം ലഭ്യമാവും. ഒരു ഡോക്ടറുടേയും ഒരു മൾട്ടി പർപ്പസ് വർക്കറുടെയും സേവനമാണ് 'ആരോഗ്യനൗക'യിൽ ക്രമീകരിച്ചിരിക്കുന്നത്. 15 ലക്ഷം രൂപയാണ് ആരോഗ്യനൗകയുടെ ഔഷധ ഇനത്തിലേക്കായി ജില്ലാ പഞ്ചായത്ത് മാറ്റിവച്ചിരിക്കുന്നത്.

കുട്ടനാടൻ ജനതയ്ക്ക് ഏറെ സഹായകരം

പ്രളയത്തെ അതിജീവിച്ച് പുനർനിർമ്മാണ പ്രവർത്തനങ്ങളുമായി കരുത്തോടെ മുന്നോട്ടു പോകുന്ന കുട്ടനാടൻ ജനതയ്ക്ക് ആരോഗ്യനൗകയുടെ സേവനം ഏറെ സഹായകരമാകും. കുട്ടനാട് പോലെയുള്ള പ്രദേശങ്ങളിൽ ആരോഗ്യനൗക പോലെയുള്ള സേവനങ്ങൾക്ക് ഭരണകൂടം ഏറെ പ്രാധാന്യം നൽകുന്നുണ്ട്. ഇത്തരം സേവനങ്ങൾ അതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് വിനിയിയോഗിക്കുവാൻ ജനങ്ങൾ തയ്യാറാകണം.

ജി.വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്