1

കായംകുളം: കായംകുളത്ത് സ്വകാര്യ ബസ് ജീവനക്കാർ സർവീസിനിടെ തമ്മിലടി പതിവാക്കിയത് യാത്രക്കാർക്ക് ഭീഷണിയായി. ഇന്നലെ രാവിലെ കെ.പി റോഡ് രണ്ടാം കുറ്റിയിൽ നടന്ന ഏറ്റുമുട്ടലിൽ കായംകുളം എം.എസ്.എം കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനി വള്ളികുന്നം സ്വദേശി നീതുവിന് പരിക്കേറ്റു. സിനിമാ സ്റ്റൈലിലുള്ള ഏറ്റുമുട്ടലും ഇതിനൊപ്പം അപകടങ്ങളും തുടർക്കഥയായിട്ടും പൊലീസ് അനങ്ങുന്നില്ല.

ഭുവനേശ്വരി, അനീഷാമോൾ എന്നീ സ്വകാര്യ ബസുകളിലെ ജീവനക്കാരാണ് രാവിലെ നൂറനാടു മുതൽ തർക്കത്തിലായത്. രണ്ടാം കുറ്റിയിൽ എത്തിയപ്പോൾ ഭുവനേശ്വരി ബസ് വട്ടമിട്ടു.

ഈ ബസിലെ ക്ളീനർ അരുൺ അനീഷാ മോൾ ബസിന്റെ ഗ്ളാസ് തകർത്തപ്പോഴാണ് ചില്ല് തെറിച്ചുവീണ് നീതുവിന്റെ കണ്ണിന് പരിക്കേറ്റത്. രണ്ടാഴ്ച മുൻപും സ്വകാര്യ ബസുകൾ തമ്മിൽ കെ.പി റോഡിൽ മത്സര ഓട്ടം നടത്തിയിരുന്നു. ഒന്നിനു പിന്നിൽ മറ്റൊന്ന് ഇടിച്ചു കയറ്റിയതോടെയാണ് അന്ന് മത്സരം 'സമാപിച്ച'ത്! ഇരു ബസുകളിലുമുള്ള 25 യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.

റോഡിലെ മറ്റ് യാത്രക്കാരുടെയും ബസിലെതന്നെ യാത്രക്കാരുടെയും ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ് മത്സരയോട്ടം. സ്വകാര്യ ബസുകൾ കൂടുതലായി സർവീസ് നടത്തുന്ന കെ.പി റോഡ്, പുല്ലുകുളങ്ങര - കാർത്തികപ്പള്ളി റോഡ്, സ്വകാര്യ ബസ് സ്റ്റാൻഡ് റോഡ് എന്നിവിടങ്ങളിലാണ് മത്സര ഓട്ടവും തുടർന്നുള്ള സംഘർഷങ്ങളും ദിനംപ്രതി അരങ്ങേറുന്നത്. ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽ നിന്നും ഭാഗ്യം കൊണ്ട് മാത്രമാണ് യാത്രക്കാർ പലപ്പോഴും രക്ഷപ്പെടുന്നത്. ക്രിമിനൽ സ്വഭാവമുള്ളവരാണ് പല ബസുകളിലെയും ജീവനക്കാരെന്ന് പൊലീസ് പറയുന്നു. സമയക്രമം പാലിക്കുന്നതിലെ തർക്കവും ഓവർടേക്കിംഗമാണ് പലപ്പോഴും തമ്മിലടിയിൽ കലാശിക്കുന്നത്. വലിയ ദുരന്തങ്ങൾ നടക്കുമ്പോൾ പൊലീസും മോട്ടോർ വാഹന വകുപ്പും രംഗത്തെത്തും. ഏതാനും ദിവസങ്ങൾ നീളുന്ന പരിശോധന കഴിയുന്നതോടെ പല്ലാം പഴയപടിയാകും.

---------------------------------------

'സ്വകാര്യ ബസുകളുടെ മൽസര ഓട്ടം നിയന്ത്രിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കും. ക്രിമിനലുകളായ ബസ് ജീവനക്കാരുടെ ലൈസൻസ് റദ്ദാക്കും. ഇതിനായി ഇന്നു മുതൽ രാവിലെയും വൈകിട്ടും സ്പെഷ്യൽ സ്ക്വാഡിന് നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്'

(ജി.എസ്.സജിപ്രസാദ്, ജോ.ആർ.ടി.ഒ, കായംകുളം)