വിജയപ്രതീക്ഷയിൽ യു.ഡി.എഫ്
ആത്മവിശ്വാസത്തോടെ എൽ.ഡി.എഫ്
അട്ടിമറി ആഗ്രഹിച്ച് എൻ.ഡി.എ
ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങാൻ മാസങ്ങൾ മാത്രം ശേഷിക്കെ ആലപ്പുഴയിൽ അണിയറ ഒരുക്കങ്ങൾ സജീവമായി. വിജയം ആവർത്തിക്കാൻ യു.ഡി.എഫ് ഒരുങ്ങുമ്പോൾ മണ്ഡലത്തിലെ പോയകാല പ്രതാപം തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും കച്ചമുറുക്കുകയാണ്. സിറ്റിംഗ് എം.പി കെ.സി.വേണുഗോപാൽ തന്നെ യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് വ്യക്തമായതോടെ കരുത്തനായ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള പരിശ്രമം സി.പി.എം ആരംഭിച്ചുകഴിഞ്ഞു.
എൽ.ഡി.എഫിന് അഭിമാനപ്രശ്നമാണ് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ്. ഇക്കുറി വിജയിക്കുക എന്നത് നിലവിലുള്ള രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലത്തിൽ അനിവാര്യവും. അതുകൊണ്ടുതന്നെ ആവനാഴിയിലെ അവസാനത്തെ അസ്ത്രവും പ്രയോഗിക്കാനുള്ള തയ്യാറെടുപ്പുകളാണ് അണിയറയിൽ നടക്കുന്നത്. . രാഷ്ട്രീയത്തിനപ്പുറം സാമുദായിക വോട്ടുകൾ തങ്ങളുടെ പെട്ടിയിൽ വീഴ്ത്താൻ പറ്റിയതാര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ് സി.പി.എം. പാേളിറ്റ്ബ്യൂറോ അംഗവും മുൻ ജില്ലാ സെക്രട്ടറിയുമായ എം.എ.ബേബിയിലേക്കാണ് പാർട്ടിയുടെ നോട്ടം നിലവിൽ എത്തിനിൽക്കുന്നത്. ബേബിയാകട്ടെ മത്സരിക്കാൻ താത്പര്യമില്ലെന്ന മട്ടിലാണ്. അവസാന നിമിഷവും പാർട്ടി നേതൃത്വം നിർബന്ധിച്ചാൽ മാറി നിക്കാനാവില്ല. ബേബി ജില്ലയ്ക്ക് സുപരിചിതൻ എന്നതിനപ്പുറം ക്രിസ്ത്യൻ വിഭാഗത്തിന്റെ ഭൂരിഭാഗം വോട്ടുകളും നേടാൻ കഴിയുമെന്ന കണക്ക് കൂട്ടലുമുണ്ട്.
സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിൽ തീരദേശത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും നിലകൊള്ളുന്ന ഏകമണ്ഡലമാണ് ആലപ്പുഴ. അതിനാൽ തീരദേശവാസികളുടെ താത്പര്യങ്ങൾക്ക് മുൻതൂക്കം നൽകണമെന്ന അഭിപ്രായവും പാർട്ടിയിലുണ്ട്. ബേബി മത്സരിക്കാനില്ലെന്ന് കടുംപിടുത്തം പിടിച്ചാൽ അരൂർ എം.എൽ.എ എ.എം. ആരിഫിനെ സ്ഥാനാർത്ഥിയാക്കാൻ ആലോചനയുണ്ട്. ആരിഫ് ജയിക്കുകയാണെങ്കിൽ അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരുമെന്നതാണ് മറ്റൊരു പ്രശ്നം. അതിന് പറ്റിയ സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടിവരുമെന്നതും ഇരട്ടിപ്പണിയാവും.
ബി.ഡി.ജെ.എസ് മത്സരിക്കില്ല
എൻ.ഡി.എയുടെ ഭാഗമായ ബി.ഡി.ജെ.എസ് സംസ്ഥാനത്ത് എട്ട് സീറ്റിലായിരിക്കും മത്സരിക്കുക. ബി.ഡി.ജെ.എസിന്റെ ശക്തികേന്ദ്രങ്ങളായിരിക്കും അവ. ഇതിനുള്ള ചർച്ചകളൊന്നുമായിട്ടില്ലെങ്കിലും മത്സരിക്കുന്നതിനുള്ള സീറ്റുകളിൽ പാർട്ടി കണ്ണ് വച്ചുകഴിഞ്ഞു. എന്നാൽ ആലപ്പുഴ മണ്ഡലം വേണ്ടെന്ന നിലപാടിലാണെന്നറിയുന്നു.
മൂന്നാംമൂഴത്തിന് കെ.സി
കെ.സി.വേണുഗോപാൽ മികച്ച ശുഭാപ്തി വിശ്വാസത്തിലാണ്. മണ്ഡലത്തിലെ തന്റെ സജീവ സാന്നിദ്ധ്യവും വോട്ടർമാർക്കിടയിലെ സ്വാധീനവും കർണ്ണാടകയിൽ സർക്കാർ രൂപീകരിച്ചതിന്റെയും തെലുങ്കാനയിൽ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുത്തതിന്റെയും ഹരിയാനയിൽ ഉപതിരഞ്ഞെടുപ്പ് നിരീക്ഷകനായിരുന്നതിന്റെയും ഗോവയിൽ സ്ഥാനാർത്ഥി നിർണയസമിതി സ്ക്രീനിംഗ് കമ്മിറ്റി ചുമതലവഹിച്ചതിന്റെയും തിളക്കം കരുത്തുപകരുകയാണ്. മൂന്നാം അങ്കവും ചാടിക്കടക്കുമെന്ന കണക്ക് കൂട്ടലുകളെ തളയ്ക്കാനാണ് സി.പി.എം ഉന്നംവയ്ക്കുന്നത്.
ഇടത്ത് 6, വലത്ത് 1
കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, അരൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ആലപ്പുഴ പാർലമെന്റ് മണ്ഡലം. ഇതിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് ഒഴികെ മുഴുവൻ മണ്ഡലങ്ങളിലും എൽ.ഡി.എഫിന്റെ തേരോട്ടമായിരുന്നു. ഹരിപ്പാട്ട് രമേശ് ചെന്നിത്തല 18,621 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കൊല്ലം ജില്ലയിൽപ്പെടുന്ന കരുനാഗപ്പള്ളിയിൽ മാത്രമാണ് എൽ.ഡി.എഫിന്റെ ഭൂരിപക്ഷം കുറഞ്ഞത്; 1759 വോട്ട്. മറ്റ് മണ്ഡലങ്ങളിലെ ഭൂരിപക്ഷം ഇങ്ങനെ: കായംകുളം: 11,857, അമ്പലപ്പുഴ: 22,621, ആലപ്പുഴ: 31,032, ചേർത്തല: 7196, അരൂർ: 38,519. കെ.സി.വേണുഗോപാൽ 19,407 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ വിജയിച്ചത്.
# 2014 ലെ വോട്ടിംഗ് നില
കെ.സി.വേണുഗോപാൽ (എെ.എൻ.സി) ............................46,2525
സി.ബി.ചന്ദ്രബാബു (സി.പി.എം) ........................................44,3118
എ.വി.താമരാക്ഷൻ (എൻ.ഡി.എ)......................................... 43,051
തുളസീധരൻ പള്ളിക്കൽ (സോഷ്യൽ ഡെമോക്രാറ്റിക്).. .10,993
ഡി.മോഹനൻ (ആം ആദ്മി ) .....................................................9,414
അഡ്വ.എം.എ.ബിന്ദു (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ).. 5921
പി.വി.നടേശൻ (ബഹുജൻസമാജ് പാർട്ടി).......................... 3,385