അരൂർ: കാവടി ഘോഷയാത്രയ്ക്കിടെ ഉണ്ടായ സംഘർഷം തടയാനെത്തിയ പൊലീസുകാരെ മർദ്ദിച്ച കേസിൽ മൂന്നു പേർ പിടിയിൽ. അരൂർ പഞ്ചായത്ത് മൂന്നാം വാർഡ് ഒറ്റത്തെങ്ങുങ്കൽ വിഷ്ണു (26), കുന്നുംപുറത്ത് അമൽജിത്ത് (23), പുത്തൻചിറയിൽ ഷാലു (23) എന്നിവരെയാണ് അരൂർ എസ്.ഐ കെ.എൻ.മനോജും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയായ എഡിസൺ ഒളിവിലാണ്.

അരൂർ ശ്രീകുമാര വിലാസം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അരൂക്കുറ്റി ഫെറിയിൽ നിന്ന് ക്ഷേത്രാങ്കണത്തിലേക്ക് നടന്ന കാവടി ഘോഷയാത്രയ്ക്കിടെ ഞായറാഴ്ച വൈകിട്ട് 6.30ന് സംസ്ഥാന പാതയിൽ അരൂർ മാർക്കറ്റിനു സമീപമായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന യുവാക്കൾ കാവടിയിൽ പങ്കെടുത്ത ക്ഷേത്ര ഭാരവാഹികളുമായുണ്ടായ തർക്കത്തിൽ പൊലീസ് ഇടപെട്ടു. പ്രതികൾ സംഘം ചേർന്ന് പൊലീസുകാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒരു എ.എസ്.ഐക്കും ഒരു സിവിൽ പൊലീസ് ഓഫീസർക്കും പരിക്കേറ്റു. ഇവർ തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ദേശീയപാതയിലെ ഗതാഗതം അര മണിക്കൂർ തടസപ്പെടുത്തിയതിനും പൊതുജനത്തിന് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കിയതിനും ക്ഷേത്ര ഭാരവാഹികൾക്കെതിരെയും കേസെടുത്തതായി പൊലീസ് പറഞ്ഞു. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.