ചേർത്തല: വാരനാട് ദേവീക്ഷേത്രത്തിൽ പുനർനിർമ്മിക്കുന്ന ചു​റ്റമ്പലം, വലിയമ്പലം, ബലിക്കൽപ്പുര എന്നിവയുടെ ചെമ്പ് മേയൽ ആരംഭിച്ചു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കടിയക്കോൽ വാസുദേവൻ നമ്പൂതിരി മുഖ്യകാർമ്മികനായി.

ശ്രീകോവിലിന് മുന്നിലെ മണ്ഡപത്തിൽ നടത്തിയ പ്രത്യേക പൂജകൾക്ക് ശേഷം ആഘോഷപൂർവം ചെമ്പോലകൾ ചു​റ്റമ്പലത്തിന് സമീപത്തേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രം മേൽശാന്തി ശ്രീകൃഷ്ണരു മനോജ്, സഹ ശാന്തിമാരായ മുരളീധരൻ പോ​റ്റി, പ്രകാശൻ പോ​റ്റി എന്നിവർ സഹകാർമ്മികരായി. ദേവസ്വം പ്രസിഡന്റ് എം.ആർ.വേണുഗോപാൽ, വൈസ് പ്രസിഡന്റുമാരായ വെള്ളിയാകുളം പരമേശ്വരൻ, എൻ.ബാലകേരളവർമ്മ, സെക്രട്ടറി പി.അനിൽകുമാർ, ട്രഷറർ പി.എൻ.നടരാജൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പരുമല പി.പി.അനന്തൻ ആചാരിയാണ് ചെമ്പ് മേയൽ ജോലികൾക്ക് നേതൃത്വം നൽകുന്നത്.