ഒരാഴ്ചയോളം കുടിവെള്ളം മുടങ്ങും
ചേർത്തല: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ മറവൻ തുരുത്തിലെ പ്രധാന പൈപ്പുകൾ മാറ്റുന്ന പ്രവർത്തനങ്ങൾ ഇന്ന് തുടങ്ങുന്നതിനാൽ ഇന്നു മുതൽ ഒരാഴ്ചയോളം താലൂക്കിൽ കുടിവെള്ള വിതരണം നിലയ്ക്കും. പ്രവർത്തനങ്ങൾ ഒരാഴ്ച നീട്ടിവയ്ക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും ജലവിഭവ വകുപ്പ് മുൻ നിശ്ചയപ്രകാരം പ്രവർത്തനങ്ങൾ തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഇന്നുകൂടി മാത്രമേ കുടിവെള്ള വിതരണം നടക്കുകയുള്ളൂ.
ഫെബ്രുവരി 6ന് പമ്പിംഗ് പുനരാരംഭിക്കാനാണ് തീരുമാനം. ഇതോടെ രണ്ടാഴ്ച താലൂക്കിലെ 18 ഗ്രാമപഞ്ചായത്തുകളിലും ചേർത്തല നഗരസഭയിലും കുടിവെള്ള വിതരണം മുടങ്ങുമെന്നുറപ്പായി.
10ന് നിശ്ചയിച്ചിരുന്ന പ്രവർത്തനങ്ങൾ അർത്തുങ്കൽ തിരുനാൾ കണക്കിലെടുത്താണ് 22ലേക്കു മാറ്റിയത്.
തിരുനാൾ നടക്കുന്ന അർത്തുങ്കലിൽ കുടിവെള്ള വിതരണത്തിന് അത്യാവശ്യ ക്രമീകരണങ്ങൾ നടത്താനും ടാങ്കുകൾ സജ്ജമാക്കി വെള്ളം വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ആലപ്പുഴ പ്രോജക്ട് ഡിവിഷനാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
സ്റ്റീൽ പൈപ്പ് മാറ്റുന്നത് 400 മീറ്ററിൽ
ചേർത്തല കുടിവെള്ള പദ്ധതി പൂർണ സജ്ജമാക്കുന്നതിന്റെ ഭാഗമായി മറവൻതുരുത്തിൽ അവശേഷിക്കുന്ന 400 മീറ്റർ ഭാഗത്താണ് പൈപ്പ് മാറ്റുന്നത്. പിറവത്തുനിന്നു മാക്കേക്കടവു പ്ലാന്റിലേക്കു വെള്ളമെത്തിക്കുന്ന രണ്ടു കിലോമീറ്റർ ഭാഗത്തെ പൈപ്പുമാറ്റി സ്റ്റീൽ പൈപ്പു സ്ഥാപിക്കുന്നതിനായി ഒന്നര കിലോമീറ്റർ പൈപ്പ് മാറ്റുന്ന പ്രവർത്തനം ആദ്യ ഘട്ടത്തിൽ പൂർത്തിയായി. അവശേഷിക്കുന്നത് 400 മീറ്ററിലെ പൈപ്പുമാറ്റമാണ്.
പ്രവർത്തനങ്ങൾക്കായി റോഡ് ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇതിന് സമാന്തരമായ പാതകൾ വാട്ടർ അതോറിട്ടി തന്നെ സജ്ജമാക്കി ഗതാഗതം ക്രമീകരിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രാദേശിക തലത്തിൽ എതിർപ്പുകൾ ഉയർന്നതിനെ തുടർന്ന് പ്രതിഷേധങ്ങൾ പരിഹരിക്കാൻ ജനപ്രതിനിധികളുടെ സഹകരണത്തിലാണ് ആലപ്പുഴ പ്രോജക്ട് ഡിവിഷൻ അധികൃതർ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇന്ന് പമ്പിംഗ് നിറുത്തിയാലും രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ പ്രധാന കേന്ദ്രങ്ങളിൽ വെള്ളം വിതരണം ചെയ്യാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.