അമ്പലപ്പുഴ: ഒരു വയസുകാരിയുടെ മാല ക്ഷേത്രത്തിൽ വച്ചു മോഷ്ടിച്ച നാലു നാടോടി സ്ത്രീകൾ പിടിയിൽ. അമ്പലപ്പുഴ കരുർ നവരാക്കൽ ക്ഷേത്രത്തിൽ ഇന്നലെ രാത്രി എട്ടോടെ ആയിരുന്നു സംഭവം. കോമന പുതുവൽ ഷാജിയുടെ മകൾ ശ്രുതി (19) അപ്പച്ചിയുടെ ഒരു വയസുള്ള മകളുമായി ക്ഷേത്ര ദർശനത്തിനെത്തിയതായിരുന്നു. ഉത്സവമായതിനാൽ ക്ഷേത്രത്തിൽ വൻ തിരക്കായിരുന്നു. ഇതിനിടെ കുഞ്ഞിന്റെ കഴുത്തിൽ കിടന്നിരുന്ന ഒരു പവൻ തൂക്കം വരുന്ന സ്വർണമാല നാടോടി സ്ത്രീകൾ പൊട്ടിച്ചെടുക്കുകയായിരുന്നു. കുഞ്ഞു കരഞ്ഞതിനെ തുടർന്ന് നോക്കിയപ്പോഴാണ് മാലയുമായി നാടോടി സ്ത്രീകൾ ഓടുന്നതു കണ്ടത്.ശ്രുതി ബഹളം കൂട്ടിയതിനെ തുടർന്ന് നാട്ടുകാർ നാടോടി സ്ത്രീകളെ പിടികൂടി അമ്പലപ്പുഴ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ഇവരെ സ്റ്റേഷനിലെത്തിച്ച് പരിശോധന നടത്തിയെങ്കിലും മാല കിട്ടിയില്ല. ഓടുന്ന വഴി വലിച്ചെറിഞ്ഞെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ നാടോടി സ്ത്രീകളായ 4 പേരെയും പൊലീസ് അറസ്റ്റു ചെയ്തു.ഇവർ തമിഴ്നാട് മധുര സ്വദേശിനികളാണെന്ന് പൊലീസ് പറഞ്ഞു.