ആലപ്പുഴ: ഹൗസ് ബോട്ടുകളിലെ മാലിന്യ സംസ്കരണത്തിനായി പ്ളാന്റ് നിർമിച്ചു. എന്നാൽ ഇവിടെ ജനറേറ്റർ സംവിധാനം ഒരുക്കിയില്ല. ഫലമോ, വൈദ്യുതി പോകുമ്പോൾ മാലിന്യ സംസ്കരണം നടക്കുന്നില്ല. ഇതോടെ ബോട്ടുകളിൽ നിന്ന് മാലിന്യം പഴയപടി കായലിലേയ്ക്ക് തന്നെ ഒഴുക്കും.
ഹൗസ് ബോട്ടുകളിലെ മാലിന്യ സംസ്കരണം ഒരു പൊല്ലാപ്പ് തന്നെയായിരുന്നു. മാലിന്യം കായലിലേക്ക് തന്നെ ഒഴുക്കുന്ന പഴയ രീതി ഉണ്ടാക്കിയ നാണക്കേട് കുറച്ചൊന്നുമല്ല. എന്തായാലും അതിന് പരിഹാരമായാണ്
തകഴി കുന്നുമ്മയിൽ മാലിന്യപ്ളാന്റ് നിർമ്മിച്ചത്.
വർഷങ്ങൾക്ക് മുമ്പാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മാലിന്യ സംസ്കരണ പ്ളാന്റ് നിർമ്മിച്ചത്. കുമരകത്ത് ഹൗസ്ബോട്ട് മാലിന്യ സംസ്കരണത്തിന് പ്ളാന്റ് നിലവിലുണ്ടായിരുന്നു. ആലപ്പുഴയിലെ ഹൗസ്ബോട്ടുകളും കുമരകത്തെത്തി മാലിന്യം സംസ്കരിക്കണമെന്നായിരുന്നു ആദ്യമുണ്ടായ നിർദേശം. പക്ഷേ, കുമരകം വരെ യാത്രചെയ്യുന്നിലുള്ള നഷ്ടമോർത്ത് ബോട്ട് ഉടമകൾക്ക് ഇത് സ്വീകാര്യമായില്ല.
ഹൗസ്ബോട്ട് ഉടമകളും തൊഴിലാളി യൂണിയൻ പ്രതിനിധികളും ഉൾപ്പെടെ അധികൃതർക്ക് സമർപ്പിച്ച നിരവധി നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് കുന്നുമ്മയിൽ പ്ളാന്റ് സ്ഥാപിച്ചത്.
സ്ഥലം കണ്ടെത്തി നൽകിയത് ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷനാണ്.
നാലുമാസത്തിലൊരിക്കൽ ബോട്ടുകളിലെ മാലിന്യം പ്ളാന്റിൽ നിക്ഷേപിക്കണമെന്നായിരുന്നു നിർദേശം. 2,000 രൂപയാണ് ഡി.ടി.പി.സിയിൽ അടയ്ക്കേണ്ട ഫീസ്.
ഒരു ബോട്ട് വർഷം ആറായിരം രൂപ ഫീസ് നൽകി മൂന്നു തവണ പ്ളാന്റിൽ മാലിന്യങ്ങൾ സംസ്കരിക്കണമെന്നും നിർദേശമുണ്ടായി. പുന്നമടയിൽ നിന്ന് രണ്ടു മണിക്കൂറോളം സഞ്ചരിച്ചാൽ മാത്രമേ ഹൗസ്ബോട്ടുകൾക്ക് പ്ളാന്റിനു സമീപമെത്താൻ കഴിയൂ. ഇത്രയും സമയം സഞ്ചരിച്ച് അവിടെയെത്തിയാൽ വൈദ്യുതിയില്ലെങ്കിൽ മാലിന്യം നിക്ഷേപിക്കാൻ കഴിയാതെ വരുന്നു. പലപ്പോഴും ഇവിടെ വൈദ്യുതി പോയാൽ രണ്ടുദിവസങ്ങൾ കഴിഞ്ഞാണ് എത്തുന്നത്.
മാലിന്യം കായലിലേക്ക്
കുന്നുമ്മയിലെ സംസ്കരണ പ്ളാന്റിൽ മാലിന്യം നിക്ഷേപിക്കാത്ത ബോട്ടുകാർക്കെതിരെ നടപടിയെടുക്കുമെന്ന് ടൂറിസം അധികൃതർ അറിയിക്കാറുണ്ടെങ്കിലും ഇതുവരെ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. പ്ളാന്റിലേക്കു വരാത്ത ബോട്ടുകാർ കായലിൽത്തന്നെ മാലിന്യം തള്ളുകയാണ് പതിവ്.
പ്ലാന്റിൽ ജനറേറ്റർ സൗകര്യം ഏർപ്പെടുത്തി പ്രവർത്തനം കാര്യക്ഷമമാക്കിയാൽ ഹൗസ് ബോട്ടുകൾ സംസ്കരണ പ്ലാന്റിൽ മാലിന്യം സംസ്കരിക്കും. പ്രളയാനന്തരം ഹൗസ് ബോട്ട് മേഖല വലിയ പ്രതിസന്ധി നേരിടുകയാണിപ്പോൾ. ചെലവ് വർദ്ധിക്കുന്നതിനനുസരിച്ച് വരുമാനം ലഭിക്കുന്നില്ലെന്നതാണ് പ്രശ്നം. സഞ്ചാരികളെ ജില്ലയിലേക്ക് എത്തിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടിയില്ലെന്ന പരാതിയുമുണ്ട്.
ആർ.ആർ. ജോഷിരാജ്, ഹൗസ്ബോട്ട് ഉടമ
നിലവിലെ പ്ലാന്റിനോട് ചേർന്ന് മറ്റൊരു പ്ലാന്റുകൂടി നിർമ്മിക്കും. ജനറേറ്റർ സംവിധാനത്തോടുകൂടിയാണ് പുതിയ പ്ലാന്റ് സ്ഥാപിക്കുന്നത്.
വർഷം മൂന്നു തവണ പ്ളാന്റിലെത്തി മാലിന്യം സംസ്കരിക്കണമെന്നത് നിർബന്ധമാണ്. ഒരു തവണ മുടങ്ങിയാൽ 2,000 രൂപ മലിനീകരണ നിയന്ത്രണ ബോർഡിൽ പിഴയൊടുക്കണം. മൂന്നു തവണ പോകാത്തവർ 6,000 രൂപ പിഴയുൾപ്പെടെ 12,000 രൂപ അടച്ചാൽ മാത്രമേ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ലഭിക്കൂ.
എം. മാലിൻ, സെക്രട്ടറി, ഡി.ടി.പി.സി