picpocket

ചേർത്തല:കെ.എസ്.ആർ.ടി.സി ബസ് യാത്രക്കിടെ യാത്രക്കാരന്റെ പോക്ക​റ്റടിച്ച രണ്ടംഗ സംഘം പിടിയിൽ. ആലപ്പുഴ ആറാട്ടുവഴി കാട്ടുങ്കൽ അനീഷ് (38), ചെങ്ങന്നൂർ കൊല്ലക്കടവ് താഴാംവിള തെക്കതിൽ കബീർ (59) എന്നിവരെയാണ് ചേർത്തലപൊലീസ് അറസ്​റ്റ് ചെയ്തത്. പള്ളിപ്പുറം കെ.ആർ പുരം തളിയാടിയിൽ സ്‌കറിയ മാത്യുവിന്റെ പോക്ക​റ്റിൽ നിന്നാണ് പണം അപഹരിച്ചത്. ആലപ്പുഴയിൽ നിന്ന് ചേർത്തലയ്ക്ക് വരികയായിരുന്ന ബസിൽ ഇന്നലെ വൈകിട്ട് 5.30 ന് കഞ്ഞിക്കുഴിയിൽ നിന്നാണ് സ്‌കറിയ കയറിയത്.ബസ് എക്‌സ് റേ കവലയിൽ എത്തിയപ്പോൾ സമീപത്ത് നിന്ന അനീഷ് 750 രൂപ സ്‌കറിയയുടെ പോക്ക​റ്റിൽ നിന്ന് അപഹരിച്ച് കബീറിന് കൈമാറുകയായിരുന്നു.സ്‌കറിയായുടെ പരാതിയെ തുടർന്ന് ബസ് സ്​റ്റാൻഡിൽ എത്തിയപ്പോൾ പൊലീസ് സംഘമെത്തി ഇരുവരെയും പിടികൂടുകയായിരുന്നു.ഒരാഴ്ച മുൻപ് ജയലിൽ നിന്നിറങ്ങിയ അനീഷ് മോഷണം,വധശ്രമം,പോക്ക​റ്റടി എന്നീ കേസുകളിലും കബീർ നിരവധി പോക്ക​റ്റടി കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.