ഏൽപ്പിക്കുന്ന ദൗത്യം പത്തരമാറ്റ് തിളക്കത്തോടെ വിജയകരമാക്കിയതാണ് കെ.സി. വേണുഗോപാലിനെ രാഹുൽഗാന്ധിയുടെ വിശ്വസ്തനും കോൺഗ്രസിന്റെ രണ്ടാം അമരക്കാരനുമാക്കി മാറ്രിയത്. 2012 ൽ വേണുഗോപാൽ കേന്ദ്രവ്യോമയാന സഹ മന്ത്രിയായിരുന്നപ്പോൾ സോണിയാഗാന്ധിയും രാഹുൽഗാന്ധിയും ഒരു ആഗ്രഹം പ്രകടിപ്പിച്ചു. പൈലറ്റുമാരെ പരിശീലിപ്പിക്കുന്ന അമേതിയിലെ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉടാൻ അക്കാഡമിയെ യൂണിവേഴ്സിറ്റിയാക്കണം. മന്ത്രിയെന്ന നിലയിൽ വെറും അഞ്ച് മാസംകൊണ്ട് പാർലമെന്റിൽ ബിൽ അവതരിപ്പിച്ച് അത് യാഥാർത്ഥ്യമാക്കി. ഡെപ്യൂട്ടി ചീഫ് വിപ്പിന്റെ ഉത്തരവാദിത്വവും ഭംഗിയായി നിർവഹിച്ചു. ലോക്സഭയിൽ അവതരിപ്പിക്കേണ്ട അജണ്ട തീരുമാനിക്കുന്ന രീതിയിലേക്ക് കെ.സിയുടെ പ്രവർത്തന മികവ് മാറി. ബി.ജെ.പിക്കും മോദിക്കുമെതിരെ പട നയിക്കുന്ന രാഹുൽ ഗാന്ധിയുടെ മുന്നണി പോരാളിയായി വളർന്നുവരാൻ കെ.സിക്ക് കഴിഞ്ഞു. ജമ്മുകാശ്മീരിലെ മനുഷ്യാവകാശ പ്രശ്നം മുതൽ പാമ്പാടി നെഹ്റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ മരണം വരെ ലോക്സഭയിലെത്തിച്ച് ശ്രദ്ധ നേടി.
ഗോവ പുതിയ പാഠമായി
കോൺഗ്രസ് ജീർണാവസ്ഥയിലായിരുന്ന ഗോവയിൽ കെ.സി. വേണുഗോപാലിനെ സ്ഥാനാർത്ഥി നിർണയ സ്ക്രീനിംഗ് കമ്മിറ്റി അദ്ധ്യക്ഷനായി രാഹുൽ നിയമിച്ചത്, ഒരു കുതിപ്പിന്റെ തുടക്കമാവുകയായിരുന്നു. ഗോവയിലെത്തിയ കെ.സി മൂന്ന് രീതിയിൽ സർവേ നടത്തി. വിജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താൻ ഏജൻസിയെ വച്ചു. അതിശക്തമായ പ്രചാരണം നടത്തി. കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ബി.ജെ.പി ചെറിയ കക്ഷികളെ കൂട്ടുപിടിച്ച് സർക്കാരുണ്ടാക്കി. അത് കെ.സിക്കൊരു പാഠമായി. അങ്ങനെയിരിക്കുമ്പോഴാണ് കർണാടകത്തിന്റെ ചുമതലയും കെ.സിയെ ഏൽപ്പിക്കുന്നത്. കർണാടകത്തിലെ അധികാരം നിലനിറുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു തിരഞ്ഞെടുപ്പിന് ഒരുവർഷം മുമ്പ് ചുമതല ഏൽപ്പിച്ചത്. ആ ദൗത്യവിജയത്തിന് സഹായിക്കാൻ അഞ്ച് എ.എെ.സി.സി സെക്രട്ടറിമാരെയും നൽകി.
വീടുവീടാന്തരം കയറിയുള്ള പ്രചാരണമായിരുന്നു കെ.സിയുടേത്. മുഴുവൻ വീടുകളും സന്ദർശിച്ച കോൺഗ്രസ് പ്രവർത്തകർ സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിച്ചു. പ്രവർത്തകർ എത്തി എന്ന് ഉറപ്പാക്കാൻ വീടുകളിൽ സ്റ്റിക്കർ പതിച്ചു. കർണാടകത്തിലെ ഗ്രാമാന്തരങ്ങളിൽ പോലും ചെന്നെത്തി കെ.സി പ്രചാരണം വിലയിരുത്തി. വീടുകളിൽ ചെന്ന് കോൺഗ്രസ് പ്രവർത്തകർ വന്നോ എന്ന് ചോദിച്ചറിഞ്ഞു. ഓരോ സ്ഥലവും നാല് പ്രാവശ്യം വരെ സന്ദർശിച്ചു. 59,000 ബൂത്ത് കമ്മിറ്റികളും കോൾ സെന്ററുകളുമുണ്ടാക്കി. സിദ്ധരാമയ്യ സർക്കാരിന്റെ നേട്ടം അങ്ങനെ ജനങ്ങളിലെത്തിച്ചു. ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ല. വോട്ടെണ്ണിക്കൊണ്ടിരുന്നപ്പോൾ രാഹുൽ ഗാന്ധിയുമായി കെ.സി ഫോണിൽ ബന്ധപ്പെട്ടു. ഭരണം നിലനിറുത്താൻ എന്ത് നടപടിയും സ്വീകരിച്ചോളൂ എന്ന് രാഹുൽ അനുമതി നൽകി. 80 സീറ്റുള്ള കോൺഗ്രസ് 38 സീറ്റ് മാത്രമുള്ള ജെ.ഡി.എസിന് മുഖ്യമന്ത്രി സ്ഥാനം നൽകി അധികാരം നിലനിറുത്തിയപ്പോൾ ഞെട്ടിയത് ബി.ജെ.പിയായിരുന്നു.
മന്ത്രം പോലെ തന്ത്രം
ഗോവയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും സർക്കാരുണ്ടാക്കാൻ ഗവർണർ ആദ്യം ക്ഷണിച്ചത് ബി.ജെ.പിയെയായിരുന്നു. ആദ്യം സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്ന് അഭ്യർത്ഥിച്ചത് ബി.ജെ.പിയായിരുന്നു എന്ന വാദമാണ് ഗവർണർ നിരത്തിയത്. അതേ അടവ് കർണാടകയിൽ കെ.സി പ്രയോഗിച്ചു. വോട്ടെണ്ണൽ പൂർത്തിയാകും മുമ്പേ ആദ്യം ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്ന് അഭ്യർത്ഥിച്ചു. ഗവർണർ സമ്മതിച്ചില്ല. ഗോവയിലെ കാര്യം കെ.സി നിരത്തിയപ്പോൾ അതിവിടെ പറ്റില്ലെന്നായി ഗവണർ. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ യദിയൂരപ്പയെ സത്യപ്രതിജ്ഞയ്ക്ക് ഗവർണർ ക്ഷണിച്ചു. കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. രാത്രി കേസ് പരിഗണിച്ച കോടതി ഭൂരിപക്ഷം തെളിയിക്കാൻ യദിയൂരപ്പയോട് നിർദ്ദേശിച്ചു. ആ സർക്കാർ താഴെയിറങ്ങിയപ്പോൾ അത് കെ.സിയുടെ വിജയമായി.
കഴിഞ്ഞയാഴ്ച കോൺഗ്രസിന്റെ നാല് എം.എൽ.എമാരെ മുംബയിൽ ഒളിപ്പിച്ചപ്പോഴും രാഹുൽ രംഗത്തിറക്കിയത് കെ.സിയെ ആയിരുന്നു. എം.എൽ.എമാരെ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ട് അതൃപ്തി തിരിച്ചറിഞ്ഞ് തിരിച്ചുകൊണ്ടുവന്നു . രാജസ്ഥാനിൽ അശോക് ഗെലോട്ടും സച്ചിൻ പൈലറ്റുമായി മുഖ്യമന്ത്രി കസേരയ്ക്ക് തർക്കമുണ്ടായപ്പോഴും രാഹുൽ അയച്ചത് കെ.സിയെയായിരുന്നു. തെലുങ്കാനയിൽ പാർട്ടിയിലുണ്ടായ പ്രശ്നം ഒറ്റരാത്രി കൊണ്ടാണ് കെ.സി തീർത്തത്. ഈ പ്രവർത്തന മികവിനുള്ള അംഗീകാരമായാണ് സംഘടനാ ചുമതലയുള്ള എ.എെ.സി.സി ജനറൽ സെക്രട്ടറിയുടെ കിരീടം കെ.സിയുടെ ശിരസിൽ രാഹുൽ അണിയിച്ചത്.