pkl-1

 കടത്തുകാരൻ മാസാമാസം പണം വാങ്ങുന്നുവെന്ന് പരാതി

പൂച്ചാക്കൽ: മാക്കേക്കടവ് - നേരെകടവ് ഫെറിയിൽ സൗജന്യ കടത്ത് നടത്താതെ പഞ്ചായത്തിൽ നിന്ന് കരാറുകാരൻ തുക കൈപ്പറ്റുന്നതായി പരാതി.

മാസം 36,000 രൂപയാണ് യാത്രക്കാരെ സൗജന്യമായി അക്കരെയിക്കരെ ഇറക്കാൻ പഞ്ചായത്തിൽ നിന്നു കടത്തുകാരന് നൽകുന്നത്. നേരെ കടവ് സ്വദേശി നരേന്ദ്രനെ ഉദയനാപുരം പഞ്ചായത്താണ് ഏർപ്പാടാക്കിയത്. എന്നാൽ സൗജന്യകടത്ത് മുടങ്ങിയിട്ട് നാളുകളായി. പഞ്ചായത്ത് സെക്രട്ടറിക്കോ വാർഡംഗത്തിനോ ഇതു സംബന്ധിച്ച് യാതൊരു വിവരവുമില്ല. എങ്കിലും കരാർ പരകാരമുള്ള തുക മാസാമാസം കടത്തുകാരൻ വാങ്ങുന്നുണ്ട്.

എന്നാൽ, പഞ്ചായത്ത് വക കടത്ത് ഇപ്പോൾ ഇല്ലെന്നാണ് നരേന്ദ്രൻ പറയുന്നത്. മാക്കേകടവ്- നേരെകടവ് പാലത്തിന്റെ നിർമാണം ആരംഭിച്ചപ്പോൾ ഇതുവഴിയുള്ള ജങ്കാർ സർവ്വീസ് നിറുത്തലാക്കിയിരുന്നു. തുടർന്നാണ് പഞ്ചായത്ത് ഇവിടെ സൗജന്യ കടത്ത് ആരംഭിച്ചത്. ടെൻഡർ ക്ഷണിച്ച് എഗ്രിമെന്റ് വെച്ചാണ് കടത്തുകാരനെ ചുമതലപ്പെടുത്തിയത്. പക്ഷേ, നാളുകളായി ഈ ഫെറിയിൽ കടത്തുകാരനുമില്ല, കടത്തുവള്ളവുമില്ല എന്നതാണ് അവസ്ഥയെന്ന് യാത്രക്കാർ പറയുന്നു. മറുകര കടക്കാൻ മറ്റ് വഴികൾ തേടുമ്പോൾ 30-50 രൂപ വരെ ഓരോ യാത്രയ്ക്കും ചെലവാകുന്നുണ്ട്.