ജാഗ്രത പരിശോധിക്കാൻ മോക്ഡ്രിൽ
ആലപ്പുഴ: ചേപ്പാട് ഭാരത് പെട്രോളിയം കോർപ്പറേഷനിൽ വാതക ചോർച്ച! സ്‌കൂൾ വിദ്യാർത്ഥികൾ, പ്രദേശ വാസികൾ എന്നിവരെ എൻ.ടി.പി.സി സ്‌കൂളിലേക്ക് മാറ്റി. ജില്ലാ ദുരന്ത നിവാരണ അതോറിട്ടി അധികൃതരും ഫയർഫോഴ്സും പാഞ്ഞെത്തി. വിവിധ സേനകൾ സംഭവസ്ഥലത്തേക്ക് കുതിച്ചു. പന്ത്രണ്ടരയോടെ വാതക ചോർച്ച പൂർണമായും അടച്ചു. ശ്വാസം പിടിച്ച് നിന്നവർക്ക് അപ്പോഴേക്കും ആശ്വാസമായി. എല്ലാം കഴിഞ്ഞപ്പോഴാണ് സംഗതി മോക്ഡ്രിൽ ആയിരുന്നുവെന്ന് എല്ലാവരുമറിഞ്ഞത്.
ജില്ലാ രാസദുരന്ത നിവാരണ വിഭാഗത്തിന്റെ കാര്യക്ഷമത പരിശോധിക്കുന്നതിനായിരുന്നു മാേക് ഡ്രിൽ. അപകടങ്ങൾ സംഭവിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ, പ്രവർത്തന രീതികൾ എന്നിവ പൊതുജനങ്ങൾ ഉൾപ്പടെയുള്ളവർക്ക് മനസിലാക്കി കൊടുക്കാനും വിവിധ വകുപ്പുകളുടെ കാര്യക്ഷമത അളക്കാനുമായിരുന്നു ലക്ഷ്യം. എൻ.ടി.പി.സി.യുടെ താപവൈദ്യുത നിലയത്തിലേക്ക് നാഫ്ത ഇന്ധനം സംഭരിച്ച് പമ്പിംഗ് നടത്തുന്ന ബി.പി.സി.എല്ലിന്റെ ചേപ്പാട്ടെ ഫാക്ടറിയിലുണ്ടായ അടിയന്തര സാഹചര്യം മുൻനിറുത്തിയായിരുന്നു മോക് ഡ്രിൽ.
രക്ഷാ പ്രവർത്തനത്തിൽ റവന്യു, പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യു, മോട്ടോർ വാഹന വകുപ്പ്, കെ.എസ്.ഇ.ബി, ചേപ്പാട് പഞ്ചായത്ത് ആരോഗ്യ വിഭാഗം, ദേശീയ ദുരന്ത നിവാരണ സേന, ഐ.ടി.ബി.പി നൂറനാട് യൂണിറ്റ് എന്നിവ പങ്കെടുത്തു. ഇൻസിഡന്റ് കമാൻഡർ ഡിവൈ.എസ്.പി ആർ. ബിനു, ജില്ലാ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഇൻസ്പെക്ടർ പി. ജിജു, പ്ലാന്റ് ഇൻ-ചാർജ് ആർ. സുന്ദരേശൻ, സി.ഐ.എസ്.എഫ് ലീഡിംഗ് ഓഫീസർ ഷിജോ എന്നിവർ നേതൃത്വം നൽകി.