അരൂർ: ചന്തിരൂരിലെ മാലിന്യവാഹിനിയായ പുത്തൻതോട് ശുചീകരിച്ച് സംരക്ഷിക്കാൻ റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ നാട്ടുകാർ രംഗത്ത്. 'പുത്തൻതോട് രക്ഷാസമിതി' എന്ന പേരിൽ പുതിയ കൂട്ടായ്മയ്ക്കും രൂപം നൽകി.
നാലു പതിറ്റാണ്ടു മുൻപ് ചന്തിരൂർ, അരൂർ, എരമല്ലൂർ മേഖലകളിലെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു ചന്തിരൂരിലെ പുത്തൻതോടും പരിസരവും. തോട് പല തവണ ശുചീകരിച്ചെങ്കിലും മാലിന്യം വർദ്ധിച്ചതോടെ ദുർഗന്ധം മൂലം പ്രദേശവാസികൾക്ക് ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത നിലയായി. ചന്തിരൂരിലെ പ്രധാന വ്യവസായമായ സമുദ്രോൽപന്ന മേഖലയെ കൂടി ഉൾപ്പെടുത്തി വിപുലമായ ശുചീകരണത്തിനാണ് രക്ഷാസമിതി ലക്ഷ്യമിടുന്നത്. തോടിന്റെ ഇരുവശവും ദേശീയ പാതയോരത്തും നിരീക്ഷണ കാമറകളും പാലത്തിന്റെ ഇരുവശവും കമ്പിവേലിയും ഘടിപ്പിച്ചു. 27നാണ് ശുചീകരണത്തിന് തുടക്കം. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി പഞ്ചായത്ത്, പൊലീസ് അധികൃതരുടെ സഹായത്തോടെ നടപടി സ്വീകരിക്കാനാണ് തീരുമാനമെന്ന് പുത്തൻതോട് രക്ഷാസമിതി ചെയർമാൻ ഒ.കെ.ജോസഫ്, കൺവീനർ അൻവർ പാളയത്തിൽ, കെ.പി.സുമോദ്, ഇ.സി. ബെന്നി എന്നിവർ അറിയിച്ചു.