അരൂർ: ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കൈത്താങ്ങിൽ അമ്മുവിന് ഇനി പുതിയ വീട്ടിൽ അന്തിയുറങ്ങാം . എഴുപുന്ന പഞ്ചായത്ത് അഞ്ചാം വാർഡ് മണ്ണാവീട്ട് നികർത്തിൽ, വിധവയായ അമ്മു ബാബുവിന് ഡി.വൈ.എഫ്.ഐ എരമല്ലൂർ മേഖലാ കമ്മിറ്റിയാണ് വീട് നിർമ്മിച്ചു നൽകിയത്.
ചെറിയൊരു വീട്ടിലാണ് അമ്മുവും ഭർത്താവ് ബാബുവും കഴിഞ്ഞിരുന്നത്. ബാബു രണ്ട് വർഷം മുമ്പ് കാൻസർ ബാധിച്ച് മരിച്ചു. ആകെയുണ്ടായിരുന്ന വീട് കാലപ്പഴക്കത്തിൽ തകരുകയും ചെയ്തു. പിന്നീട് ഒന്നര വർഷത്തോളം ഭർത്താവിന്റെ ബന്ധുക്കളുടെ വീട്ടിൽ മാറിമാറിക്കഴിയുകയായിരുന്നു അമ്മു. ഈ അവസ്ഥയറിഞ്ഞ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഒരു സെന്റ് സ്ഥലത്ത് 220 ചതുരശ്ര അടിയിൽ ഒരു കിടപ്പുമുറി, ഒരു അറ്റാച്ച്ഡ് ബാത്ത്റൂം, സിറ്റ് ഔട്ട്, അടുക്കള എല്ലാം ചേർന്നൊരു വീടൊരുക്കി.
കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു കല്ലിടൽ. ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് നിർമ്മാണ പ്രവർത്തനങ്ങൾ മുഴുവൻ ഏറ്റെടുത്തത്. മൂന്ന് മാസത്തിനുള്ളിൽ പണി പൂർത്തിയായി. ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി.പുളിക്കൽ അമ്മുവിന് വീടിന്റെ താക്കോൽ കൈമാറി. എ.എം. ആരിഫ് എം.എൽ.എ ഗൃഹോപകരണങ്ങൾ നൽകി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ആർ. രാഹുൽ, ജില്ലാ ജോയിന്റ് സെക്രട്ടറി സി.ടി.വിനോദ്, ബ്ലോക്ക് പ്രസിഡന്റ് വി.കെ. സൂരജ്, സെക്രട്ടറി ശ്രീകാന്ത് കെ.ചന്ദ്രൻ, മേഖലാ പ്രസിഡന്റ് കെ.പി. സ്മിനീഷ്, സെക്രട്ടറി സി.എസ്. അഖിൽ, സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. സാബു, ആർ.ജീവൻ, പി.എൻ. മോഹനൻ എന്നിവർ പങ്കെടുത്തു.