ചേർത്തല: സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ 'വിശപ്പുരഹിത ചേർത്തല' പദ്ധതി ഒരാണ്ട് പിന്നിട്ടു. വാർഷികഘോഷം ഫെബ്രുവരി 3ന് മന്ത്രി ഡോ.ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ആഘോഷത്തോടൊപ്പം ഓഫീസ് മന്ദിരം 72.5 ലക്ഷം രൂപയ്ക്ക് വാങ്ങുകയുംചെയ്യും.
പൊതുജന പങ്കാളിത്തത്തോടെ ചേർത്തല നഗരസഭയിലെയും തൈക്കാട്ടുശേരി ബ്ലോക്ക് പരിധിയിലെയും 300 പേർക്ക് ദിവസേന ഉച്ചഭക്ഷണം വീടുകളിൽ എത്തിക്കുന്നതാണ് പദ്ധതി. ചേർത്തല നഗരത്തിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 'സാന്ത്വനം' ഓഫീസിനോട് ചേർന്നുള്ള അടുക്കളയിലാണ് ഭക്ഷണം പാകപ്പെടുത്തുന്നത്. തുടർന്ന് പൊതികളാക്കി പ്രത്യേക വാഹനങ്ങളിൽ പഞ്ചായത്ത്, മേഖലാ കേന്ദ്രങ്ങളിൽ എത്തിച്ച് ഉച്ചയ്ക്ക് മുമ്പ് സന്നദ്ധപ്രവർത്തകർ ഗുണഭോക്താക്കളുടെ വീടുകളിൽ കൊണ്ടുക്കൊടുക്കും. നൂറുകണക്കിന് പ്രവർത്തകരാണ് ഭക്ഷണം തയ്യാറാക്കുന്നതു മുതൽ വിതരണം വരെയുള്ള ഘട്ടങ്ങളിൽ സേവനത്തിനായി രംഗത്തുള്ളത്. വ്യക്തികളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണമാണ് പദ്ധതിയുടെ വിജയമെന്ന് സംഘാടകർ പറയുന്നു.
രണ്ടാംവർഷം കൂടുതൽ ജനകീയം
രണ്ടാംവർഷം പദ്ധതി കൂടുതൽ ശക്തിപ്പെടുത്താനാണ് ഒരുക്കം. നൂറുകണക്കിന് കിടപ്പുരോഗികൾക്ക് സാന്ത്വനം മൂന്ന് വർഷത്തോളമായി കൈത്താങ്ങേകുന്നുണ്ട്. വീടുകൾ കേന്ദ്രീകരിച്ചുള്ള പരിചരണമാണ് സംഘടന ചെയ്യുന്നത്. ഡോക്ടർമാരും നഴ്‌സുമാരും സന്നദ്ധപ്രവർത്തകരും ഇതിനായി രംഗത്തുണ്ട്. വാർഷികാഘോഷത്തിന് മുന്നോടിയായി പ്രവർത്തകയോഗവും 'വിശപ്പുരഹിത ചേർത്തല' പദ്ധതിയിലേക്ക് സ്‌പോൺസർഷിപ്പ് സ്വീകരിക്കലും പ്രവർത്തകയോഗവും നടന്നു. കേരള സ്റ്റേറ്റ് കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി ചെയർമാൻ കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു. സാന്ത്വനം പ്രസിഡന്റ് കെ.രാജപ്പൻനായർ അദ്ധ്യക്ഷനായി. അഡ്വ.എ.എം.ആരിഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പി. ഷാജിമോഹൻ സ്വാഗതംപറഞ്ഞു. പി.എം.പ്രമോദ്, എ.എസ്.സാബു, പി.ജി.മുരളീധരൻ, കെ.പി.പ്രതാപൻ, ബി. വിനോദ് എന്നിവർ സംസാരിച്ചു.