ചേർത്തല:കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ 8.56 കോടി രൂപയുടെ വാർഷിക ബഡ്ജറ്റിന് 91-ാമത് വാർഷിക പൊതുയോഗം അംഗീകാരം നൽകി.ക്ഷേത്രത്തിനുംഗുരുമന്ദിരത്തിനും മുന്നിലായി പതിനായിരത്തോളം പേർക്ക് ഇരിക്കാവുന്ന വലിയപന്തൽ(ശീവേലി പന്തൽ)നിർമ്മിക്കാൻ നാല് കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
ക്ഷേത്രത്തിൽ നടക്കുന്ന മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി 2 കോടി രൂപയും വകയിരുത്തി ഗരുഡൻ തൂക്കം ഉൾപ്പെടെയുള്ള വഴിപാടുകൾ സുഗമമായി ക്ഷേത്ര നടയിൽ എത്തുന്നതിനായി ഉയരം കൂട്ടിയാണ് വലിയ പന്തൽ നിർമ്മിക്കുന്നത്.ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.കെ.ധനേശൻ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.ജോയിന്റ് സെക്രട്ടറി വി.കെ.മോഹനദാസ്,ഖജാൻജി കെ.കെ.മഹേശൻ,കമ്മിറ്റി അംഗങ്ങളായ ജയപ്രകാശപണിക്കർ,പി.ജി.പവിത്രൻ,സി.പി.വാവക്കുഞ്ഞ്,കെ.വി.കമലാസനൻ,സി.എസ്.സ്വാമിനാഥൻ ചള്ളിയിൽ,അനിൽബാബു കൊച്ചുകുട്ടൻ,എം.പീതാംബരൻ,സ്കൂൾ മാനേജർ ഡി.രാധാകൃഷ്ണൻ,കമ്മിറ്റി അംഗങ്ങളായ പി.പ്രകാശൻ,പി.ശിവാനന്ദൻ,കെ.വി.വിജയൻ എന്നിവർ പങ്കെടുത്തു.തെക്കേ ചേരുവാര ഉത്സവ കമ്മിറ്റി പ്രസിഡന്റായി സജീവ് തോപ്പിൽ,എസ്.എൽ.പുരത്തിനെയും,വടക്കേ ചേരുവാര പ്രസിന്റായി ഷാനിമോൻ കരിയിലിനേയും വോളണ്ടിയർ ക്യാപ്റ്റനായി അരുൺ ഇിശേരിച്ചിറയേയും തിരഞ്ഞെടുത്തു.
ഗുരുമന്ദിരം പുനർ നിർമ്മിക്കും
1974ൽ സ്ഥാപിച്ച ഗുരുമന്ദിരം ഗുരു ക്ഷേത്രമായി പുനർ നിർമ്മിക്കും.വെണ്ണക്കൽ പ്രതിമയിലാണ് ഗുരുദേവ ക്ഷേത്രം നിർമ്മിക്കുന്നത്.കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ വേലപടയണിയെന്ന അനാചാരത്തെ തുടച്ചു നീക്കാൻ ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ കണ്ടെത്തിയ മാർഗമായിരുന്നു ക്ഷേത്രത്തിൽ ഗുരുമന്ദിരം സ്ഥാപിക്കുകയെന്നത്.കണിച്ചുകുളങ്ങര ദേവസ്വം സ്കൂളിന്റെ കനകജൂബിലി സ്മാരകമായി നിർമ്മിച്ച മന്ദിരത്തിൽ ഗുരു നിത്യചൈതന്യ യതിയാണ് ഗുരുദേവ പ്രതിഷ്ഠ നടത്തിയത്.അന്ന് മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോനാണ് ഗുരുദേവ വിഗ്രഹം അനാച്ഛാദനം ചെയ്തത്.എം.വി.ദേവനാണ് ശില്പി.
സർക്കാർ പദ്ധതി കണിച്ചുകുളങ്ങരയിൽ
ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നാലുകോടി രൂപ മുടക്കി കണിച്ചുകുളങ്ങരയിൽ പിൽഗ്രിം ടൂറിസം ഫെസിലിറ്റേഷൻ സെന്റർ സ്ഥാപിക്കും.ഇരു നിലകളിലായി നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തിൽ 24 മുറികൾ ഉണ്ടാകും.ആധൂനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം കണിച്ചുകുളങ്ങര മൂലസ്ഥാനത്തിന് സമീപത്താണ് നിർമ്മിക്കുന്നത്.
ജപ്പാൻ കുടിവെള്ളം:പൈപ്പ് മാറ്റൽ നീട്ടണം
ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് മാറ്റൽ പദ്ധതി ഉത്സവുഘോഷങ്ങൾക്ക് ശേഷമേ നടത്താവൂവെന്ന് കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിന്റെ വാർഷിക പൊതുയോഗം പ്രമേയത്തിലൂടെ വാട്ടർ അതോറിട്ടിയോട് ആവശ്യപ്പെട്ടു.
5000ത്തിലധികം കുട്ടികൾ പങ്കെടുക്കുന്ന ചിക്കര വഴിപാട് നടക്കുന്ന കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 12 ന് കൊടിയേറി മാർച്ച് 4നാണ് അവസാനിക്കുന്നത്.വഴിപാടിൽ പങ്കെടുക്കുന്ന കുട്ടികൾ കുംടുംബ സമേതം മുഴുവൻ ഉത്സവനാളുകളിലും ക്ഷേത്ര പരിസരത്താണ് താമസിക്കുന്നത്.കൂടാതെ ഭജനം പാർക്കുന്ന പതിനായിരങ്ങളുൾപ്പെടെ 25000ത്തോളം ഭക്തർ ഉത്സവനാളുകളിൽ സ്ഥിരമായി ക്ഷേത്ര സങ്കേതത്തിൽ തങ്ങാറുണ്ട്.പൂർണമായും ജപ്പാൻകുടിവെള്ള പദ്ധതിയെ ആശ്രയിച്ചാണ് ക്ഷേത്രവും ക്ഷേത്ര പരിസരവും കഴിയുന്നത്.കുടിവെള്ളം തടസപ്പെടുന്ന സ്ഥിതി ഉണ്ടായാൽ കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് പൊതുയോഗം ആശങ്ക പ്രകടിപ്പിച്ചു.
കഴിഞ്ഞ 21ന് ആരംഭിക്കാനിരുന്ന, ജപ്പാൻ കുടിവെള്ള പദ്ധതിയുടെ സ്റ്റീൽ പൈപ്പ് മാറ്റുന്ന പദ്ധതി മറവൻതുരുത്തിലെ പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് ഇതുവരെ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.