ആലപ്പുഴ : പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡിൽ കഴി​ഞ്ഞ ദി​വസം തെരുവുനായ അക്രമകാരി​യായപ്പോൾ കടി​യേറ്റത് നാലുപേർക്കാണ്. ഭയന്നുപോയ നാട്ടുകാരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നതായിരുന്നു പി​ന്നീട് വന്ന പരി​ശോധനാഫലം . ആക്രമി​ച്ച തെരുവുനായയ്ക്ക് പേവി​ഷബാധയുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞു. ജി​ല്ലയി​ലെമ്പാടും നി​രത്തുകളി​ൽ തെരുവുനായ്ക്കൾ വി​ലസുകയാണ്. ആരും എപ്പോൾ വേണമെങ്കിലും ഇവയുടെ ആക്രമണത്തിന് ഇരയായേക്കാം.

റെയിൽവേ സ്റ്റേഷനുകളിലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിലും പൊതുവഴികളിലുമെല്ലാം തെരുവുനായ ശല്യം രൂക്ഷമാണ്. സന്ധ്യകഴിഞ്ഞാൽ കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും തെരുവ് നായ്കൾ ഭീഷണിയാണ്.
മുമ്പ് സർക്കാർ ഇടപെട്ട് നായകൾക്ക് വന്ധ്യംകരണം ഉൾപ്പെടെ നടത്തിയി​രുന്നു.

 പദ്ധതി​കൾ മെല്ലെപ്പോക്കി​ൽ

തെരുവു നായ ശല്യം പരിഹരിക്കുന്നതിന് വേണ്ടി പദ്ധതികൾ ആരംഭിച്ചെങ്കി​ലും ഫലം കണ്ടി​ല്ല.

മൃഗസംരക്ഷണ വകുപ്പിൽ നിന്ന് തെരുവ് നായ വന്ധ്യംകരണ പദ്ധതി കുടുംബശ്രീ മിഷൻ ഏറ്റെടുക്കുകയായി​രുന്നു. പദ്ധതി മുറയ്ക്ക് തുടങ്ങി​യെങ്കി​ലും മെല്ലെപ്പോക്ക് വി​നയായി​. മാരാരിക്കുളം സൗത്ത്, നോർത്ത്, കണിച്ചുകുളങ്ങര, ആലപ്പുഴ മുനിസിപ്പാലിറ്റി, മാവേലിക്കര എന്നിവിടങ്ങളിൽ മാത്രമാണ് പദ്ധതി ആരംഭിച്ചത്.

 സൗകര്യങ്ങളി​ല്ല

നായകൾക്ക് വന്ധ്യംകരണം നടത്തുന്നതിനുള്ള സൗകര്യക്കുറവ് മൂലമാണ് പദ്ധതി നടപ്പാക്കുന്നത് താമസി​ക്കുന്നതെന്നാണ് കുടുംബശ്രീ അധികൃതർ പറയുന്നത്. പുതുവർഷത്തിൽ ഇതുവരെ കുടുംബശ്രീയുടെ നേതൃത്വത്തിൽ 850 നായ്ക്കളെ വന്ധ്യംകരിച്ചു. കഴിഞ്ഞ ഒക്ടോബർ മുതൽ ദീർഘകാലാടിസ്ഥാനത്തിൽ തെരുവുനായ നിയന്ത്രണ നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചെങ്കിലും തുടങ്ങിയത് ഈ ജനുവരിയിലാണ്. പഞ്ചായത്തുകളുടെ സഹകരണത്തോടെ നായ്കളെ പിടികൂടി പ്രത്യേക ക്യാമ്പുകളിൽ എത്തിച്ച് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വന്ധ്യംകരണം നടത്തിയതിനു ശേഷം ഇവയ്ക്ക് ആവശ്യമായ ചികിത്സ നൽകി വിട്ടയയ്ക്കണമെന്നാണ് പദ്ധതിയിലുള്ളത്.

വന്ധ്യംകരണ കേന്ദ്രങ്ങൾ രണ്ടിടത്ത് മാത്രം
തെരുവുനായ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ താലൂക്കുകളിലും വന്ധ്യംകരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും മാരാരിക്കുളം നോർത്തിലും മാവേലിക്കരയിലും മാത്രമാണ് നിലവിലുള്ളത്. ഒരു സമയം ഒരു നായയെ മാത്രമേ വന്ധ്യംകരണം നടത്താൻ കഴിയൂ. കൂടുതൽ നായ്ക്കളെ പിടിച്ചാലും പരിപാലിക്കാൻ സൗകര്യമില്ല. ജില്ലയിൽ എട്ട് വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിലാണ് വന്ധ്യംകരണ പ്രവർത്തനങ്ങൾ.

 ജില്ലയിൽ അഞ്ച് ഗ്രൂപ്പുകൾ
നായ്ക്കളെ പിടികൂടാൻ ജില്ലയിൽ അഞ്ച് ഗ്രൂപ്പുകളാണ് ഉള്ളത്. കഴിഞ്ഞ വർഷം മാരാരിക്കുളത്തെ കുടുംബശ്രീയിലെ വനിതകൾ പദ്ധതിയുടെ ഭാഗമായി കണിച്ചുകുളങ്ങര മൃഗാശുപത്രിയിൽ പ്രവർത്തിച്ചിരുന്നു. വയലാർ, മാവേലിക്കര, ഹരിപ്പാട് തുടങ്ങിയ സ്ഥലങ്ങളിൽ വനിതകൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.ഒരു തെരുവ് നായയെ വന്ധ്യംകരിക്കുന്നതിന് 2100 രൂപയാണ് പ്രതിഫലം. ഡോക്ടർമാരുടെ ചെലവും നായ്ക്കളെ എത്തിക്കുന്നതിനുള്ള വാഹനവും പരിചരണവുമെല്ലാം ഇതി​ൽപ്പെടും. തുക ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ഫണ്ടിൽനിന്നാണ് നൽകുന്നത്.

ഇതുവരെ 850 നായ്ക്കളെ പിടികൂടി. സാങ്കേതിക തടസം മൂലമാണ് കൂടുതൽ എണ്ണത്തെ പിടികൂടുവാൻ സാധിക്കാത്തത്. ആശുപത്രിയി​ലെ സൗകര്യക്കുറവ് പരിഹരിക്കുകയാണ് വേണ്ടത്

കുടുംബശ്രീ ജില്ലാ മിഷൻ