മാന്നാർ: ചെന്നിത്തല തൃപ്പെരുന്തറ പഞ്ചായത്തിനെയും മാവേലിക്കര നഗരസഭയെയും തമ്മിൽ ബന്ധിപ്പിക്കുന്ന വലിയ പെരുമ്പുഴ കടവ് പാലത്തിൽ സ്ഥാപിച്ച വൈദ്യുതി വിളക്കുകൾ നാളുകൾക്ക് ശേഷം പ്രകാശിച്ചു. യാത്രക്കാർ ഏറെ ആശ്രയിക്കുന്നതും തിരക്കേറിയതുമായ മാന്നാർ തട്ടാരമ്പലം റോഡാണിത്. വാഹനങ്ങളിൽ എത്തുന്നവർ ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെ ഉള്ള മാലിന്യങ്ങൾ പാലത്തിലും ആറ്റിലും വലിച്ചെറിയുന്നത് പതിവാണ്. പാലത്തിലെ ലൈറ്റില്ലാത്തതിനാൽ ഇത് സൗകര്യവുമാണ്. ദുർഗന്ധവും തെരുവുനായ് ശല്യവും അതിരൂക്ഷമായതിനെത്തുടർന്ന് കാൽനടയാത്രക്കാർ ഉൾപ്പടെയുള്ളവർക്കും സമീപവാസികൾക്കും ഏറെ ബുദ്ധിമുട്ടായിരുന്നു.
നദിക്ക് കുറുകെ കടന്നു പോകുന്ന 11കെ.വി ലൈനിലും വലിച്ചെറിഞ്ഞിട്ടുള്ള പ്ലാസ്റ്റിക്ക് കവറിലുള്ള മാലിന്യങ്ങളും അപകടങ്ങൾ ഉണ്ടാവുക പതിവായിരുന്നു.
പ്രതിഷേധം ഫലിച്ചു
സ്വകാര്യ പരസ്യ കമ്പനിയാണ് പാലത്തിൽ വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചിരുന്നത് .അവരുടെ പരസ്യ ബോർഡുകൾ നീക്കം ചെയ്തതാണ് വൈദ്യുതി വിളക്കുകൾ മെയിന്റൻസ് നടത്താൻ സ്വകാര്യ പരസ്യ കമ്പനി തയ്യാറാകാതിരുന്നതെന്ന ആക്ഷേപവുമുണ്ട്. നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടു കൂടിയാണ് വൈദ്യുതി വിളക്കുകൾ പ്രകാശിപ്പിക്കാൻ തയ്യാറായത്.