അമ്പലപ്പുഴ: വള്ളം മറിഞ്ഞ് കായലിൽ വീണ മുത്തശ്ശിയെ രക്ഷപ്പെടുത്തിയ ആറാം ക്ലാസുകാരനെ അനുമോദിച്ചു.പുന്നപ്ര യു.പി.സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ റോജനെയാണ് സ്കൂൾ അങ്കണത്തിൽ ചേർന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ് അനുമോദിച്ചത്.പുന്നപ്ര തെക്കു പഞ്ചായത്ത് പ്രസിഡന്റ് എം. ഷീജ, പുന്നപ്ര എ.എസ്.ഐ ഐ.റഹിം, എച്ച്.എം ആർ.ഗീത, ദിലീപ് കുമാർ തുടങ്ങിയവർ സന്നിഹതരായിരുന്നു .
ഞായറാഴ്ച രാവിലെ 6.45 ഓടെ ചെമ്പുംപുറത്തെ നർബോനപുരം പള്ളിയിൽ പ്രാർത്ഥനക്കായി മുത്തശ്ശി മറിയാമ്മ(60)യും റോജനും കൊച്ചുവള്ളത്തിൽ പൂക്കൈത ആറ്റിലൂടെ പോവുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. ഇവർ സഞ്ചരിച്ച കൊച്ചുവള്ളത്തിൽ വേഗതയിലെത്തിയ ഹൗസ് ബോട്ട് ഇടിക്കുകയായിരുന്നു. വള്ളം മറിഞ്ഞ് ഇരുവരും വെള്ളത്തിൽവീണു. മുത്തശ്ശി നീന്താനാകാതെ വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ട റോജൻ വള്ളം നിവർത്തി മുത്തശ്ശിയെ പിടിച്ചുകയറ്റി അക്കരെ എത്തിച്ചു. പുന്നപ്ര തെക്കുപഞ്ചായത്ത് പതിനേഴാം വാർഡിൽ പുത്തൻപുരക്കൽ മത്സ്യതൊഴിലാളിയായ റോബർട്ടിൻെറ മകനാണ് റോജൻ.