പൂച്ചാക്കൽ: പ്രിയപ്പെട്ട ബക്കർ സാറിന് നിറകണ്ണുകളോടെ ശ്രീകണ്ഠേശ്വരം യാത്രാമൊഴിയേകി. ഞായറാഴ്ച ബൈക്കപകടത്തിലാണ് പാണാവള്ളി ശ്രീകണ്ഠേശ്വരം എസ്.എൻ.ഡി.എസ്.വൈ യു.പി സ്കൂളിലെ അറബി അദ്ധ്യാപകനായ ബക്കർ സാർ എന്ന പി.പി.അബൂബക്കർ മരിച്ചത്. ഇന്നലെ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിനു വച്ച അദ്ദേഹത്തിന്റെ മൃതദേഹത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിച്ചു.
സ്കൂളിലെ ഓപ്പൺ ഓഡിറ്റോറിയത്തിലെ പൊതുദർശനത്തിനു ശേഷം മയ്യത്ത് നമസ്കാരവും സ്കൂൾ അധികൃതർ സംഘടിപ്പിച്ചു. പിന്നീട് മൃതദേഹം വീട്ടിൽ കൊണ്ടുപോയ ശേഷം ഉച്ചയ്ക്ക് 2.30 ന് കാട്ടുപുറം പള്ളി കബർസ്ഥാനിൽ കബറടക്കി. കെ.സി.വേണുഗോപാൽ എം.പി., എ എം ആരിഫ് എം എൽ എ, മുൻ എം.എൽ.എ. എ.എ.ഷുക്കൂർ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.