s

തുറവൂർ : വിഷമയമില്ലാത്ത പച്ചക്കറി ലക്ഷ്യമിട്ട് തുറവൂരിൽ വനിതാ കൂട്ടായ്മയിൽ ഹരിത വിപ്ളവം. തുറവൂർ കൃഷിഭവന്റെ കീഴിലാണ് പച്ചക്കറി കൃഷി . തുറവൂർ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും സ്വയം സഹായസംഘങ്ങളെയും കുടുബശ്രീ ഗ്രൂപ്പുകളെയും അണിനിരത്തി പച്ചക്കറി കൃഷി വ്യാപിപ്പിച്ചിട്ടുണ്ട്.

ചീര, തക്കാളി ,പടവലം ,മത്തൻ ,ക്യാബേജ് ,മുളക് ,വെണ്ട ,പയർ ,വഴുതന തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. തരിശായി കിടന്ന പറമ്പുകളിലും, പാടവരമ്പുകളിലും, പുരയിടങ്ങളിലുമാണ് പ്രധാനമായും കൃഷി . അത്യുത്പാദനശേഷിയുള്ള നല്ലയിനം തൈകളും വളവും കൃഷിഭവനാണ് ലഭ്യമാക്കുന്നത്. കർഷകർക്ക് പരിശീലനവും നൽകുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് കൃഷിക്ക് പഞ്ചായത്ത് പിന്തുണ ഉറപ്പാക്കുന്നത്.

വളമംഗലം ,തുറവൂർ ,മനക്കോടം ,പള്ളിത്തോട് ഭാഗങ്ങളിൽ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. ഇവിടങ്ങളിൽ ന്യായവിലയ്ക്ക് പച്ചക്കറി വില്പനയും തുടങ്ങി. വിഷരഹിത പച്ചക്കറി ആയതിനാൽ ആവശ്യക്കാരും ഏറെയാണ്. നൂറുമേനി വിളവ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് കർഷകർ.

 വിജയത്തിനു പിന്നിൽ നിശ്ചയദാർഢ്യം

മുൻവർഷങ്ങളിലും പച്ചക്കറി കൃഷി വ്യാപനത്തിനായി തുറവൂർ കൃഷിഭവൻ പദ്ധതികൾ തയ്യാറാക്കിയിരുന്നു, എന്നാൽ പൂർണവിജയത്തിലേക്ക് എത്തിയില്ല. തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്ത് കൃഷി തുടങ്ങുമെങ്കിലും തൊഴിൽ ദിനങ്ങളുടെ എണ്ണം പൂർത്തിയാകുന്നതോടെ കൃഷിയും അനാഥമാകും. എന്നാൽ ഇത്തവണ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നിശ്ചയദാർഢ്യം കൊണ്ടാണ് കർഷകരെ ഒരുമിപ്പിച്ച് പച്ചക്കറി കൃഷിയിൽ വിജയം കൈവരിക്കാൻ കഴിഞ്ഞത്. പച്ചക്കറി കൃഷി നടത്തുന്ന സ്ഥലങ്ങൾ ഉദ്യോഗസ്ഥർ സന്ദർശിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നതിനാൽ കർഷകർ ഉഷാറിലാണ്.

'' പച്ചക്കറികൃഷിയിലെ വിജയത്തെ തുടർന്ന് കൂടുതൽ സ്വയം സഹായ സംഘങ്ങളും കുടുബശ്രീ ഗ്രൂപ്പുകളും കൃഷി നടത്താൻ തയ്യാറായി മുന്നോട്ട് വരുന്നുണ്ട്

സുചിത്ര .ബി.ഷേണായ് , തുറവൂർ കൃഷി ഓഫീസർ

ചിത്രങ്ങൾ: 4 > ഇമെയിലിൽ. തുറവുർ കൃഷിഭവന് കീഴിലെ പച്ചക്കറി കൃഷി