ambalapuzha-news

 ഓരുവെള്ളം തടഞ്ഞതോടെ ഒരുതുള്ളി വെള്ളമില്ല

അമ്പലപ്പുഴ: അമ്പലപ്പുഴ, പുറക്കാട്, പുന്നപ്ര, തകഴി പ്രദേശങ്ങളിൽ കൊയ്ത്തിനു പാകമായ നെൽച്ചെടികൾ വെള്ളമില്ലാതെ കരിഞ്ഞുണങ്ങുന്നു. കടലിൽ നിന്ന് ഓരുവെള്ളം കയറാതിരിക്കാൻ കർഷകർ മുൻകൈയെടുത്ത് തോട്ടപ്പള്ളി പൊഴി അടച്ചതിനു പിന്നാലെ സകല കൈത്തോടുകളിലും വരെ ജലവിഭവ വകുപ്പ് അധികൃതർ ഓരുമുട്ടുകൾ സ്ഥാപിച്ചതോടെയാണ് തുള്ളിവെള്ളം പോലുമില്ലാതെ കർഷകർ വലയുന്നത്.

കടലിൽ നിന്ന് ഉപ്പുവെള്ളം കയറാതിരിക്കാൻ കർഷകർ സ്വന്തം ചിലവിലാണ് തോട്ടപ്പള്ളി പൊഴി മണൽചാക്കുകൾ നിരത്തി അടച്ചത്. ഇതോടെ ഉപ്പുവെള്ള ഭീഷണി ഇല്ലാതാവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ലക്ഷങ്ങൾ ചിലവഴിച്ച് ഇറിഗേഷൻ വിഭാഗം ടി.എസ് കനാൽ ഉൾപ്പടെ ചെറിയ തോടുകളിൽപ്പോലും ഓരു മുട്ടുകൾ സ്ഥാപിച്ച് നീരൊഴുക്ക് തടഞ്ഞത്. നിലവിൽ കരുമാടി കാവിൽ തെക്കു പാടശേഖരം ഉൾപ്പടെ 14 പാടങ്ങളിലാണ് കൃഷി നടക്കുന്നത്. ഈ പാടങ്ങളിൽ വെള്ളം ഇല്ലാത്തതിനെ തുടർന്ന് ഏക്കർ കണക്കിന് നെൽച്ചെടികൾ കരിഞ്ഞുണങ്ങിക്കഴിഞ്ഞു. ഏതാനും ആഴ്ചകൾക്കുള്ളിൽ കൊയ്യാൻ തയ്യാറായെടുത്തിരിക്കെയാണ് നെൽച്ചെടികൾ കരിഞ്ഞുണങ്ങിയത്. ഏക്കറിന് 20,000 രൂപ വരെ കർഷകർ കൃഷിക്ക് ചിലവഴിച്ചിരുന്നു.