 ആളില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി

ആലപ്പുഴ: ഷോർട്ട് സർക്യൂട്ടിൽ നിന്ന് തീപടർന്നതിനെത്തുടർന്ന് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വീട് കത്തിയമർന്നു. വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

ആലപ്പുഴ ശാസ്ത്രിപുരം ജംഗ്ഷനു കിഴക്ക് ആര്യാട് ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് പൊക്കലയിൽ ഷിബുവും കുടുംബവും താമസിച്ചിരുന്ന വാടക വീടാണ് ഇന്നലെ വൈകിട്ട് നാലുമണിയോടെ കത്തിനശിച്ചത്. പൊട്ടിത്തെറിച്ച രണ്ട് സിലണ്ടറുകളുടെ ഭാഗങ്ങൾ 200 മീറ്റർ അകലെ വരെ തെറിച്ചുവീണു. കൂലിപ്പണിക്കാരനായ ഷിബുവും ഭാര്യ രജിമോളും ജോലി സ്ഥലത്തായിരുന്നു. മക്കളായ നിമിഷയും നിഖിലും സ്‌കൂളിലും. ഷീറ്റു പാകിയ വീട്ടിലെ ഉപകരണങ്ങളും കുട്ടികളുടെ പാഠപുസ്തകങ്ങളും ഉൾപ്പെടെ മുഴുവനും കത്തിനശിച്ചു. പഴകിയ വയറിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് ദുരന്തകാരണമെന്ന് കരുതുന്നു.ലൈഫ് പദ്ധതി പ്രകാരം പഞ്ചായത്തിൽ നിന്നു അനുവദിച്ച വീടിന്റെ നിർമ്മാണത്തിനായി ഇവർ വാടക വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. ആലപ്പുഴയിൽ നിന്നു രണ്ടുയൂണിറ്റ് ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്.