ചേർത്തല: കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് കഞ്ചാവുമായി ആറ്റിങ്ങൽ സ്വദേശികളായ രണ്ടു യുവാക്കളെ മുഹമ്മ പൊലീസ് പിടികൂടി.ഇവരിൽ നിന്ന് രണ്ടര കിലോ കഞ്ചാവ് കണ്ടെടുത്തു.
ആറ്റിങ്ങൽ തോട്ടക്കാട്ട് പഞ്ചായത്ത് 10-ാം വാർഡിൽ ഗോകുലത്തിൽ വിഷ്ണു (23) ,12-ാം വാർഡ് മണ്ഡകം പുത്തൻവീട്ടിൽ മനോജ് (33)എന്നിവരാണ് പിടിയിലായത്.ആലപ്പുഴ നർക്കോട്ടിക് സെല്ലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, ഇന്നലെ രാവിലെ 11 ഓടെ കോട്ടയം-ആലപ്പുഴ റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസ് പുത്തനങ്ങാടിയിൽ എത്തിയപ്പോഴാണ് പൊലീസ് പരിശോധന നടത്തിയത്. മുഹമ്മയിലെ വില്പനക്കാർക്ക് കൈമാറാണ് കഞ്ചാവ് കൊണ്ടു വന്നതെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. മുഹമ്മ എസ്.ഐ.ടോൾസൺ പി.ജോസഫ്, നർക്കോട്ടിക് സെല്ലിലെ ഉല്ലാസ്,ജാക്‌സൺ,മുഹമ്മ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ റെജിമോൻ,ഓമനക്കുട്ടൻ,സുധീർ,സന്തോഷ്,ദിലീഷ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ ഇന്ന് ചേർത്തല കോടതിയിൽ ഹാജരാക്കും.