പൂച്ചാക്കൽ: സ്കൂളിൽ വാർഷികാഘോഷ പരിപാടികൾ നടക്കുന്നതിനിടെ പാർക്കിംഗ് ഏരിയയിൽ നിന്ന് സ്റ്റേജിനു നേർക്ക് പാഞ്ഞുവന്ന കാറിന് 'ദിശ' തെറ്റി മറ്റ് കാറുകളിലും ബൈക്കുകളിലും ഇടിച്ചു നിന്നതിനാൽ ഒഴിവായത് വൻ ദുരന്തം. കാർ ഓടിച്ചിരുന്ന പൂച്ചാക്കൽ ചിറയ്ക്കൽ സ്വദേശി ധർമ്മജൻ
പരിക്കേറ്റ ഭാര്യയെ വാഹനത്തിൽ ഇരുത്തിയ ശേഷം ഒപ്പമുണ്ടായിരുന്ന കുട്ടിയുമായി ഇറങ്ങിയോടി ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ടു. കുട്ടിക്കും പരിക്കേറ്റതായി സൂചനയുണ്ട്.
വടുതല നദുവത്തുൽ ഇസ്ലാം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പരിപാടികൾ നടക്കുന്നതിനിടെ ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം. പാർക്ക് ചെയ്തിരുന്ന ഇൻഡിക്ക കാറാണ് പൊടുന്നനെ പാഞ്ഞെത്തിയത്. തെന്നിമാറിയ കാർ സ്റ്റേജിനെ തൊട്ടുരുമ്മി സമീപത്തെ നാല് കാറുകളിലും അഞ്ച് ബൈക്കുകളിലും ചില സൈക്കിളുകളിലും ഇടിച്ച ശേഷം തൊട്ടടുത്ത തെങ്ങിൽ ഇടിച്ച് നിൽക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന യുവതി അബോധാവസ്ഥയിലായിരുന്നു. ഇവരെ അരൂക്കുറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധർമ്മജനും കുട്ടിയും എവിടേക്കാണ് മറഞ്ഞതെന്ന് വ്യക്തമല്ല. പൂച്ചാക്കൽ സ്വദേശിയായ രാജുവിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. സുഹൃത്താണ് കാർ കൊണ്ടുപോയതെന്ന് ഇയാൾ പൊലീസിനു മൊഴി നൽകി. കാറിന്റെ ബ്രേക്കിനടിയിൽ പ്ളാസ്റ്റിക് കുപ്പി കുടുങ്ങിയ നിലയിലായിരുന്നു.