photo

തുറവൂർ : വിഷമയമില്ലാത്ത പച്ചക്കറി ഏതുസീസണിലും ലഭിക്കും. ഇനി പിടയ്ക്കുന്ന മീൻ വേണമെങ്കിൽ അതും വാങ്ങി മടങ്ങാം. കുത്തിയതോട് ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ തുറവൂർ ശ്രീഭവനിൽ പി.എസ്.ശ്രീകുമാറിന്റെ വീട്ടിലെത്തിയാൽ മതി.

ശ്രീകുമാറിന്റെ വീടിനു ചുറ്റുമുള്ള 23 സെന്റ് കൃഷിയിടത്തിൽ ഏതുസമയവും വിളവെടുപ്പിന് പാകമായ പച്ചക്കറിയുണ്ടാകും. രണ്ടുവർഷം മുമ്പ് വീട്ടുമുറ്റത്ത് രണ്ടുമൂന്ന് ചുവട് പച്ചമുളകും വേപ്പിലയും നട്ടു തുടങ്ങിയ കൃഷിയാണ് ഇന്ന് വളർന്നു പന്തലിച്ചത്.

കൂടുതൽ സമയം കൃഷിക്ക് മാറ്റിവച്ച് സമ്മിശ്രജൈവ കൃഷികൂടി പരീക്ഷിച്ചതോടെ കഴിഞ്ഞ വർഷത്തെ കുത്തിയതോട് പഞ്ചായത്തിലെ മികച്ച സമ്മിശ്രകർഷകനുള്ള അവാർഡും ശ്രീകുമാറിനെത്തേടിയെത്തി.

പച്ചക്കറിക്ക് പുറമേ നാടൻകോഴി, കരിങ്കോഴി, ബിവി-380 ഇനത്തിലുള്ള കോഴികൾ, ടാങ്കുകളിൽ അക്വാപോണിക്‌സ് മീൻവളർത്തൽ, മലബാറി ഇനത്തിലുള്ള ആട് വളർത്തൽ തുടങ്ങിയവയും ശ്രീകുമാറിന്റെ കൃഷിയിടത്തിലുണ്ട്. അടുക്കള മാലിന്യങ്ങളും നാരങ്ങത്തൊലി, സവാള - ഉള്ളിത്തൊലി, മുട്ടത്തൊണ്ട് തുടങ്ങിയവയും ഉപയോഗിച്ച് 'ബയോപോണ്ട്' എന്ന ആധുനികസമ്പ്രദായത്തിലൂടെ ചെറിയ പുഴുക്കളെ ഉല്പാദിപ്പിച്ച് അവയെ കോഴിക്കും, മീനിനും തീറ്റയാക്കും. കൃഷിയിടത്തിൽ പത്ത് അടി നീളവും എട്ട് അടി വീതിയും നാല് അടി ഉയരവുമുള്ള ടാങ്കിൽ 200 ലധികം ഫിലോപ്യ മീനുകൾ വളരുന്നു. കൃഷിയിടത്തോടു ചേർന്നുള്ള കോഴിവളർത്തലും മികച്ച വരുമാനം നേടിക്കൊടുന്നു. ജൈവമാലിന്യ സംസ്‌കരണ പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്. ഡി.ടി.പി, പ്രിന്റിംഗ് മേഖലയിൽ 22 വർഷത്തിലധികമായി പ്രവർത്തിക്കുന്ന ശ്രീകുമാർ കൃഷിക്കായി ജീവിതത്തിന്റെ നല്ലൊരു ഭാഗം മാറ്റിവയ്ക്കുന്നുണ്ട്.ഭാര്യ കൊക്കോതമംഗലം സെന്റ് ആന്റണീസ് എച്ച്.എസിലെ സംസ്കൃത അദ്ധ്യാപികയായ കൃഷ്ണപ്രിയയും മകൾ ശിവപ്രിയയും പിന്തുണനൽകുന്നുണ്ട്.

ഉപദേശവും സഹായവുമായി കുത്തിയതോട് കൃഷി ഒാഫീസർ സൂസമ്മയും ജീവനക്കാരുമുണ്ട്.