ambalapuzha-news

അമ്പലപ്പുഴ: അപകടത്തിൽപ്പെട്ടും മറ്റും എത്തുന്നവർക്കും രോഗികൾക്കും ആശ്വാസമേകാൻ ആലപ്പുഴ മെഡി. ആശുപത്രിയിൽ ആധുനിക രീതിയിലുള്ള 35 പുതിയ സ്ട്രെച്ചറുകൾ എത്തിച്ചു. ഇതോടെ കാലപ്പഴക്കം ചെന്നവ ക്രമേണ ഒഴിവാക്കാനാവും.

രണ്ടു സ്ട്രെച്ചറുകളും ഒരു വീൽ ചെയറും മാത്രമാണ് അത്യാഹിത വിഭാഗത്തിനു മുന്നിൽ ഉണ്ടായിരുന്നത്. അപകടങ്ങളിൽപ്പെട്ട് നിരവധിപേർ എത്തുന്ന സമയങ്ങളിൽ സ്ട്രെച്ചറും വീൽ ചെയറും ലഭ്യമാവാത്തത് പലപ്പോഴും സംഘർഷങ്ങൾക്കു വഴിവച്ചിരുന്നു. സ്ട്രെച്ചർ ഒടിഞ്ഞ് രോഗിക്ക് പരിക്കേറ്റ സംഭവങ്ങളും ആശുപത്രിയിൽ ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങൾ ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് 40,000 രൂപയോളം വരുന്ന പുതിയ സ്ട്രച്ചറുകൾ അനുവദിച്ചത്.

അത്യാസന്ന നിലയിലെത്തുന്ന രോഗികൾക്ക് ഓക്സിജൻ, ഡ്രിപ്പ് കൊടുക്കാനുള്ള സൗകര്യം, ഏത് വശത്തേക്കും മാറ്റാനുള്ള സൗകര്യം തുടങ്ങി നിരവധി സംവിധാനങ്ങളാണ് പുതിയ സ്ട്രെച്ചറുകളിൽ ഉള്ളത്. പരിശോധനകൾക്കായി ഇവയിൽ നിന്ന് ടേബളിലേക്ക് രോഗിയെ മാറ്റേണ്ട ആവശ്യമില്ല. രണ്ട് അത്യാഹിത വിഭാഗങ്ങളിലേക്കായി പത്തെണ്ണവും വാർഡുകളിലേക്ക് 25 എണ്ണവുമാണ് അനുവദിച്ചിരിക്കുന്നത്.