ambalapuzha-news

അമ്പലപ്പുഴ : മെഡിക്കൽ കോളേജ് ആശുപത്രിയിലെ അനധികൃത പാർക്കിംഗ് ഒ.പി വിഭാഗങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ഇ ബ്ളോക്കിന് മുന്നിലാണ് വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത്. ഇ ബ്ളോക്കിലെ താഴത്തെ നിലയിലാണ് ഹൃദ്രോഗ, നെഞ്ചുരോഗം ,മെഡിസിൻ വിഭാഗങ്ങളുടെ ഒ.പികളുള്ളത്. പാർക്ക് ചെയ്ത വാഹനങ്ങൾക്കിടയിലൂടെ ഏറെ ബുദ്ധിമുട്ടി വേണം രോഗികൾ ഒ.പിയിൽ ചികിത്സ തേടി എത്താൻ. നോ പാർക്കിംഗ് ബോർഡ് വച്ചിട്ടുണ്ടെങ്കിലും അത് വകവയ്ക്കാതെയാണ് ഇവിടെ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത്. ഇ.ബ്ലോക്കിലെ ഒ പി വിഭാഗങ്ങൾ തിങ്കൾ മുതൽ ശനിവരെ രാവിലെ 9. മുതൽ വൈകിട്ട് 3 വരെ പ്രവർത്തിക്കാറുണ്ട്

രണ്ടാഴ്ച മുമ്പ് ആശുപത്രി സൂപ്രണ്ട് ഡോ.രാംലാൽ മുൻകൈയെടുത്ത് അത്യാഹിത വിഭാഗത്തിനും ഇ.ബ്ലോക്കിനും മുൻഭാഗത്തായി ഒരു ഏക്കറോളം സ്ഥലത്ത് പൂഴി വിരിച്ച് പാർക്കിഗ് സൗകര്യം ഒരുക്കിയിരുന്നു.എന്നാൽ ചിലർ ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യാതെ ഇ -ബ്ലോക്ക് കവാടത്തിന് മുൻഭാഗത്ത് കൊണ്ടിട്ട് ഗതാഗത തടസം ഉണ്ടാക്കുകയാണ്..രാവും പകലും പാർക്കിഗ് തുടരുന്നതിനാൽ മോർച്ചറി ഭാഗത്തേക്ക് പോകേണ്ട ആംബുലൻസുകൾ, പൊലീസ് ജീപ്പുകൾ തുടങ്ങിയവ പലപ്പോഴും ജെ ബ്ലോക്ക് വഴിയാണ് കടന്നുപോകുന്നത്. പാർക്കിംഗ് പാടില്ലെന്ന് സുരക്ഷാ ജീവനക്കാർ വാഹന ഉടമകളെ അറിയിക്കുമ്പോൾ വാക്കേറ്റമുണ്ടാകുന്നതും പതിവാണ്. അനധികൃത പാർക്കിംഗിനെതിരെ നടപടിയെടുക്കാൻ ആശുപത്രി അധികൃതർ തയ്യാറാകണമെന്ന് ആവശ്യമുയരുന്നു.