ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തും ചേർത്തല തെക്ക്, കടക്കരപ്പള്ളി പഞ്ചായത്തുകളും സംയുക്തമായി ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കരിപ്പേൽ ചാലിന്റെ പുനരുജ്ജീവന പദ്ധതിക്ക് തുടക്കമിട്ടു. 37 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
പരിസ്ഥിതി സംരക്ഷണത്തിനൊപ്പം തീരത്തു കഴിയുന്നവരുടെ ദുരിതത്തിനും ഇതോടെ ശാശ്വത പരിഹാരമാകും. നാളുകളായി അടിഞ്ഞുകൂടിയ എക്കൽ ഉൾപ്പെടെ യന്ത്രങ്ങളുപയോഗിച്ച് നീക്കം ചെയ്യാൻ തുടങ്ങി. പണ്ട് കൃഷിക്കും മറ്റാവശ്യങ്ങൾക്കും ആളുകൾ ഈ ചാലിനെയാണ് ആശ്രയിച്ചിരുന്നത്. സമീപകാലത്തു കൃഷി കുറയുകയും ചാല് ഉപയോഗ ശൂന്യമാവുകയും ചെയ്തതോടെയാണ് ദുരവസ്ഥയ്ക്കു തുടക്കമായത്. ചാലിന്റെ ഇരുവശങ്ങളിലാണ് നൂറോളം ആളുകൾ താമസിക്കുന്ന അംബേദ്കർ കോളനി. മഴക്കാലത്ത് ചാൽ കരകവിഞ്ഞ് തീരത്തെ വീടുകൾ വെള്ളത്തിലാകുമായിരുന്നു. നവീകരണത്തോടെ ഇതുവരെയുണ്ടായിരുന്ന ദുരവസ്ഥ പഴങ്കഥയാവുമെന്നാണ് പ്രതീക്ഷ.