chettikulangara-temple-na

മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷന്റെ നേതൃത്വത്തിൽ ദേവപ്രശ്ന പരിഹാര പൂർത്തീകരണ കലശം 3 മുതൽ 10 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി പൂജകൾക്കു മുഖ്യകാർമികത്വം വഹിക്കും. 3ന് രാവിലെ 9ന് ഭക്തരുടെ നേതൃത്വത്തിൽ പണക്കിഴി സമർപ്പണം, വൈകിട്ട് 6ന് ആചാര്യവരണം, അസ്ത്രകലശപൂജ. 4 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ ഗണപതിഹോമം, മുളപൂജ, പഞ്ചഗവ്യം, കലശാഭിഷേകം, നവീകരണ പ്രായശ്ചിത്ത കലശപൂജ, വിവിധ കലശപൂജകൾ എന്നിവ നടക്കും. 7ന് രാവിലെ തത്വകലശവും കലശാഭിഷേകവും വൈകിട്ടു സഹസ്രകലശവും.

10ന് വെളുപ്പിനെ 2.30നു നട തുറക്കും. 8ന് സുവർണ താഴികക്കുട പ്രതിഷ്ഠ, 8.10ന് മഹാബ്രഹ്മ കലശാഭിഷേകം, വൈകിട്ട് 6.30നു പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചവർക്ക് ആദരവ്. ക്ഷേത്ര ശ്രീകോവിൽ പുനരുദ്ധാരണം, ശ്രീകോവിൽ മേൽക്കൂര നിർമാണം, പാത്രക്കുളം പുനസ്ഥാപിക്കൽ. ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് വാർത്താ സമ്മേളനത്തിൽ കൺവെൻഷൻ പ്രസിഡന്റ് എം.കെ.രാജീവ്, സെക്രട്ടറി ആർ.രാജേഷ് കുമാർ, ട്രഷറർ പി.രാജേഷ് എന്നിവർ അറിയിച്ചു. 105 വർഷം മുമ്പാണ് ക്ഷേത്രത്തിൽ അവസാനമായി ദേവപ്രശ്ന പരിഹാര പൂർത്തീകരണ കലശം നടന്നത്.

പണക്കിഴി സമർപ്പണം 3ന്

ദേവപ്രശ്ന പരിഹാര പൂർത്തീകരണ കലശ പൂജകൾക്ക് ആവശ്യമായ ഒരു കോടിയോളം രൂപ കണ്ടെത്തുന്നത് പണക്കിഴി സമർപ്പണത്തിലൂടെയാണ്. ഇതിനായി 25000 കിഴികളാണു കൺവെൻഷൻ തയ്യാറാക്കിയത്. ഇതിൽ 20000 കിഴികൾ ഭക്തർ ഏറ്റുവാങ്ങി കഴിഞ്ഞു. കലശം തുടങ്ങുന്ന 3ന് രാവിലെ 9ന് ഭക്തർ കിഴികളിൽ തങ്ങൾക്കു കഴിയുന്ന ധനം നിക്ഷേപിച്ചു സമർപ്പിക്കും. കിഴി സ്വീകരണത്തിനു മൊത്തം 14 കൗണ്ടർ ഉണ്ടാകും, 13 കരകളുടെ കൗണ്ടറും കരകൾക്കു പുറത്തുനിന്നുള്ളവർക്കായി ഒരു കൊണ്ടറും. കിഴി സമർപ്പിക്കുന്ന ഭക്തർ തങ്ങളുടെ പേരും നാളും വിലാസവും രേഖപ്പെടുത്തി കിഴിയിൽ സമർപ്പിക്കണം.