ചേർത്തല: അർത്തുങ്കൽ ഫിഷ് ലാന്റിംഗ് സെന്ററിലെ പുലിമുട്ടിൽ നിന്ന് സ്കൂൾ യൂണിഫോമിൽ കടലിൽ ചാടിയ മൂന്നു പ്ളസ് വൺ വിദ്യാർത്ഥിനികളെ, ഇവിടെ ചൂണ്ടയിട്ടുകൊണ്ടിരുന്ന യുവാവ് സാഹസികമായി രക്ഷിച്ചു.
ഇന്നലെ വൈകിട്ട് അഞ്ചേകാലോടെയായിരുന്നു സംഭവം. മണ്ണഞ്ചേരി പഞ്ചായത്ത് 12-ാം വാർഡ് കുന്നുംകണ്ടം കോളനിയിൽ സുധീർ (23) ആണ് രക്ഷകനായത്. സ്‌കൂൾ യൂണിഫോമിൽ എത്തിയ കുട്ടികൾ തന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി ആരോടോ സംസാരിച്ച ശേഷം ഫോൺ തിരികെയേൽപ്പിച്ച് പുലിമുട്ടിന്റെ അറ്റത്തേക്ക് നടന്നപ്പോൾ അവിടേക്ക് പോകരുതെന്ന് പറഞ്ഞെങ്കിലും കുട്ടികൾ ബാഗ് ഉപേക്ഷിച്ച ശേഷം ചിരിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുകയായിരുന്നെന്ന് സുധീർ പറഞ്ഞു. ആദ്യം ഒരാളും പിന്നാലെ രണ്ടു പേർ ഒന്നിച്ചും കടലിലേക്ക് ചാടി. പിന്നാലെ ചാടിയ സുധീർ ആദ്യം ചാടിയ കുട്ടിയെ കരയ്‌ക്കെത്തിച്ചു. ഈ സമയം മറ്റ് രണ്ടു പേർ ഏറെ ദൂരം ഒഴുകി നീങ്ങിയിരുന്നു. പിന്നീട് ഇരുവരെയും ഒരുമിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു.
ഈ സമയം ബോട്ടിലെത്തിയ തൊഴിലാളികൾ കരയിലുള്ളവർക്ക് വിവരം കൈമാറിയതോടെ നാട്ടുകാർ തടിച്ചുകൂടി.സ്ഥലത്തെത്തിയ പൊലീസ് ഇവരെ ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കടലിൽ ചാടിയതിന്റെ കാരണം അറിവായിട്ടില്ലെന്ന് അർത്തുങ്കൽ പൊലീസ് പറഞ്ഞു.