ആലപ്പുഴ: പ്രളയത്തിൽ തകർന്ന ആലപ്പുഴയെ നെഞ്ചോടു ചേർത്ത് പിടിച്ചിരിക്കുകയാണ്, നാട്ടുകാരൻ കൂടിയായ ധനമന്ത്രി തോമസ് ഐസക് ബഡ്ജറ്റിലൂടെ. കുട്ടനാടിന് വാരിക്കോരി കൊടുത്തിരിക്കുകയാണ്. രണ്ടാം കുട്ടനാട് പാക്കേജാണ് ഏറ്റവും പ്രധാനം. കുട്ടനാട്ടിലെ പുളിങ്കുന്നിൽ ഹെലികോപ്ടർ ഇറങ്ങാൻ കഴിയും വിധമുള്ള ആശുപത്രിക്ക് 150 കോടി വകയിരുത്തിയതും ശ്രദ്ധേയമായി.

തോട്ടപ്പള്ളി സ്പിൽവേ ആഴംകൂട്ടി നവീകരിക്കുന്നതിന് 49 കോടി വകയിരുത്തി. ഒരു വർഷമെങ്കിലും സ്പിൽവേ തുറന്നുവച്ച് ഉപ്പുവെള്ളം കയറ്റി ശുദ്ധീകരിക്കും. ആലപ്പുഴ- ചങ്ങനാശേരി കനാൽ നവീകരിക്കും. കേരള ബോട്ട് ലീഗിന് 20 കോടി, ചരിത്ര നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ വീട് സംരക്ഷിക്കാൻ ഒരു കോടി എന്നിങ്ങനെയും അനുവദിച്ചു. ചെങ്ങന്നൂരിൽ ബൈപ്പാസും കണിച്ചുകുളങ്ങര ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റേഡിയം നിർമ്മിക്കും. പുനരുദ്ധരിച്ച് ഒരു വർഷത്തിനുള്ളിൽ എക്സൽ
ഗ്ളാസ് ഫാക്ടറി തുറക്കും.

 രണ്ടാം കുട്ടനാട് പാക്കേജിന് 1000 കോടി

ആയിരം കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജിൽ ഈ വർഷം 500 കോടി വിനിയോഗിക്കും. പാക്കേജിന്റെ ഭാഗമായി കായലും ജലാശയങ്ങളും ഒറ്റത്തവണ ശുചീകരിക്കും. പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും ജനപങ്കാളിത്തത്തോടെ നീക്കം ചെയ്യും. എക്കൽ അടിഞ്ഞ് കായൽത്തട്ടിന്റെ ആഴം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ചെളി വാരി കായലിന് ആഴം കൂട്ടുകയം പുറം ബണ്ടുകൾ പുനർനിർമിക്കുകയും ബലപ്പെടുത്തുകയും ചെയ്യും. പുറംബണ്ട് അറ്റകുറ്റപ്പണിക്കും നിർമ്മാണത്തിനും 47 കോടി വകയിരുത്തി. തണ്ണീർമുക്കം ബണ്ട് ഒരു വർഷത്തേക്കെങ്കിലും തുറന്ന് വച്ച് ഉപ്പുവെള്ളം കയറ്റി ശചീകരിക്കും. പൊതു അഭിപ്രായ സമന്വയം ഉറപ്പുവരുത്തി 2019-20 ൽ ബണ്ട് തുറക്കാം.

കൃഷിയിലുണ്ടാകുന്ന നഷ്ടം നികത്താൻ 20 കോടി രൂപ വകയിരുത്തി.ശുചീകരിച്ച കുട്ടനാട് വീണ്ടും മലിനമാകില്ലെന്ന് ഉറപ്പുവരുത്താൻ കായലിന് ചുറ്റുമുള്ള പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും മലിനജലം കായലിലേക്ക് വരുന്നത് തടയും. ‌‌‌‌കയർ വ്യവസായ പുനരുദ്ധാരണത്തിന് 142 കോടി അനുവദിച്ചു.

 കുട്ടനാട്ടിൽ താറാവ് ബ്രീഡിംഗ് ഫാം

ഹൗസ് ബോട്ടുകൾക്ക് വേണ്ടി ഫ്ളോട്ടിംഗ് സെപ്ടേജ് യൂണിറ്റുകളുണ്ടാക്കും. വാണിജ്യാടിസ്ഥാനത്തിൽ സെപ്ടേജ് സംവിധാനമുണ്ടാക്കാൻ 25 ശതമാനം മൂലധന സബ്സിഡി ലഭ്യമാക്കും. കായലിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാനും സ്ഥിരമായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാനും 5 കോടി വകയിരുത്തി. കുട്ടനാട്ടിൽ പുതിയ താറാവ് ബ്രീഡിംഗ് ഫാം സ്ഥാപിക്കുന്നതിനും ഇൻഷ്വറൻസ് ഏർപ്പെടുത്താനും 16 കോടി വകയിരുത്തിയിട്ടുണ്ട്. ആലപ്പുഴ-ചങ്ങനാശേരി കനാലിന്റെ നവീകരണത്തിനും തോട്ടപ്പള്ളി സ്പിൽവേയുടെ ലീഡിംഗ് ചാനലിന് വീതിയും ആഴവും കൂട്ടുന്നതിനും 49 കോടി ചെലവഴിക്കും. കുട്ടനാട്ടിലെ എല്ലാ പഞ്ചായത്തുകളിലും കെ.എസ്.എഫ്.ഇയുടെ ആഭിമുഖ്യത്തിൽ കമ്യൂണിറ്റി ഹാളുകൾ നിർമിക്കും ഇവ പ്രളയകാലത്ത് ദുരിതാശ്വാസ കേന്ദ്രങ്ങളായി ഉപയോഗിക്കും.

 മൃഗ സംരക്ഷണ കേന്ദ്രങ്ങൾ

പ്രളയകാലത്ത് മൃഗങ്ങളെ സംരക്ഷിക്കാൻ ഉയരത്തിലുള്ള മൃഗസംരക്ഷണ കേന്ദ്രങ്ങൾ നിർമിക്കും. ഹെലികോപ്ടർ ഇറക്കുന്നതിനുള്ള സൗകര്യത്തോടെ പുളിങ്കുന്നിലെ ബഹുനില ആശുപത്രി കിഫ്ബി പിന്തുണയോടെ പണിയും.150 കോടിയാണ് മതിപ്പ് ചെലവ്. മൂന്ന് റൈസ് പാർക്കുകളിലൊന്ന് ആലപ്പുഴയിൽ സ്ഥാപിക്കും. മൂന്നിനും കൂടി 20 കോടി വകയിരുത്തി. സർക്കാർ സംഭരിക്കുന്ന നെല്ലിൽ നല്ലൊരു പങ്ക് ഇവിടെ സംസ്‌കരിക്കും. നെല്ലും അരിയും ഉൽപ്പന്നങളും സൂക്ഷിക്കാൻ വിപുലമായ ഗോഡൗൺ സൗകര്യങ്ങൾ, മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ, ട്രേഡ് സെന്റർ തുടങ്ങിയവ ഉൾപ്പെട്ടതായിരിക്കും പാർക്ക്. ദേശീയ, അന്തർദേശീയ തലത്തിൽ ഉൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് വിപണിയിലിറക്കുന്നതിന് പ്രാപ്തിയുള്ള കമ്പനിയുടെ കീഴിലായിരിക്കും പാർക്ക് പ്രവർത്തിക്കുക.

 വിദേശികളെ ആകർഷിക്കും


കനാൽ നവീകരണം, പഴയ ഫാക്ടറി, തുറമുഖ കെട്ടിടങ്ങളുടെ പുനരുദ്ധാരണം, ഒരു ഡസനോളം പൈതൃക മ്യൂസിയങ്ങൾ എന്നിവ അടങ്ങിയ ഒന്നാം ഘട്ടം ഈ സാമ്പത്തിക വർഷം പൂർത്തിയാകും. റോഡുകളുടെയും പാലങ്ങളുടെയും നവീകരണത്തിനും ട്രാൻസ്പോർട്ട് ഹബ്ബിന്റെ നിർമ്മാണത്തിനും ബാക്കി മ്യൂസിയങ്ങളുടെ പൂർത്തീകരണത്തിനും ഒരു വർഷം കൂടിയെടുക്കും.

 കയർ ഫാക്ടറി സ്ഥാപിക്കും


യന്ത്രവത്കരണ മേഖലയ്ക്ക് ഉൾക്കൊള്ളാൻ കഴിയാത്ത തൊഴിലാളികളുടെ ഉത്പന്നങ്ങൾ സബ്സിഡി നൽകി സംഭരിക്കാൻ പ്രൈസ് ഫ്ളക്സ്ച്യുവേഷൻ ഫണ്ടിലേക്ക് 45 കോടി രൂപ നീക്കിവച്ചു. കയർമേഖലയിൽ സ്ഥാപിക്കുന്ന 400 ചകിരി മില്ലുകളിൽ നൂറാമത്തെത് ഈ മാസം മൂന്നാം വാരം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യും. ചകിരിയും ചകിരിച്ചോറും ഉയർന്ന ഊഷ്മാവിൽ കടുത്ത സമ്മർദത്തിനു വിധേയമാക്കി നല്ല ബോർഡുകളാക്കി മാറ്റുന്ന വിപുലമായ ഫാക്ടറി ആലപ്പുഴയിൽ സ്ഥാപിക്കും. പ്രാരംഭ പ്രവർത്തനങ്ങൾക്കായി 20 കോടി രൂപ വകയിരുത്തിട്ടുണ്ട്. പുതിയ 400 ചകിരി മില്ലുകളും 5000 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകളും സ്ഥാപിക്കും.

...........................................................

# ബഡ്ജറ്റിലെ പ്രധാന വകയിരുത്തലുകൾ

 ഹോംകോയുടെ പുതിയ മരുന്നു ഫാക്ടറി: 10 കോടി
 തകഴി സ്മാരക നവീകരണം: അഞ്ച് കോടി,

 വിശപ്പുരഹിത കേരളം പദ്ധതിയിൽ ഭക്ഷ്യസാമഗ്രികൾ ലഭ്യമാക്കാൻ: 20 കോടി

 ചേർത്തല ഇൻഫോപാർക്കിൽ സ്ത്രീകൾക്ക് ഹോസ്റ്റലും വ്യായാമ കേന്ദ്രവും: 10 കോടി

 എക്സൽ ഗ്ളാസ് പുനരുദ്ധാരണം: 4 കോടി

 പുതിയ ബോട്ടുകൾ വാങ്ങാൻ: 21 കോടി
 വൈക്കം-തവണക്കടവ് റൂട്ടിൽ റോ റോ സർവീസ്
 ബോട്ടുകൾ ഡീസൽ എൻജിനിൽ നിന്ന് സി.എൻ.ജി/ഇലക്ട്രിക് ആക്കും

 കലവൂരിലുള്ള ഹൗസിംഗ് ബോർഡിന്റെ 6.5 ഏക്കർ ഭൂമി ആലപ്പുഴയുടെ വികസനത്തിന് ഏറ്റെടുക്കും

# ചെത്തി ഹാർബർ കിഫ്ബിക്ക്


 ചെത്തി ഹാർബർ കിഫ്ബി ഏറ്റെടുക്കും
 കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ: 27 കോടി
 ഓട്ടോകാസ്റ്റ്: 17 കോടി
 കോമളപുരം സ്പിന്നിംഗ് ആൻഡ് വീവിംഗ് മിൽസ്: 13 കോടി
 കെൽട്രോൺ കംപോണെന്റ്സ്: 10 കോടി
 സ്റ്റീൽ ഇൻഡസ്ട്രീസ്, കേരള: 8 കോടി
 പ്രഭുറാംമിൽസ്: 5 കോടി
 കെ.എസ്.ഡി.പി നോൺബീറ്റാ ലാക്ടം പ്ലാന്റ്: 54 കോടി
 തടിക്കു പകരം കയർ ബോർഡുകൾക്ക് ഫാക്ടറി: 20 കോടി

...........................................................

# ജില്ലയുടെ ഉയർ‌ത്തേഴുന്നേൽപ്പിന് സഹായകമാകും: മന്ത്രി ജി. സുധാകരൻ

ജില്ലയുടെ ഉയർത്തെഴുന്നേൽപ്പിന് സഹായകരമായ ബഡ്ജറ്റാണിതെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. തകഴി സ്മാരകത്തിന്റെ നവീകരണത്തിനായി അഞ്ചുകോടി രൂപ അനുവദിച്ചു. തകഴി സ്മാരകത്തിന്റെ ചെയർമാൻ എന്ന നിലയിൽ തന്റെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് തുക വകയിരുത്തിയത്. ജില്ലയുടെ എല്ലാ മേഖലകളിലും സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വിലയിരുത്തി.

# പ്രതീക്ഷ നഷ്ടപ്പെടുത്തിയ ബഡ്ജറ്റ്: കെ.സോമൻ

പ്രളയ ദുരിതത്തിനുശേഷം അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റ് പ്രതീക്ഷ നഷ്ടപ്പെടുത്തിയതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.സോമൻ പറഞ്ഞു. പ്രളയാനന്തര കേരളത്തെ പുനർനിർമ്മിക്കാൻ കഴിയുന്ന സർഗാത്മകമായ ഒരു പദ്ധതിയും ആലപ്പുഴ ജില്ലയിലെ ജനപ്രതിനിധിയായിട്ടും ബഡ്ജറ്റിൽ ഉൾപ്പെടുത്താൻ ധനമന്ത്രിക്ക് കഴിഞ്ഞില്ല. രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ച ധനമന്ത്രി സ്വാമിനാഥൻ പാക്കേജിന്റെ ക്രമക്കേടുകളിൽ കുറ്റകരമായ മൗനം പാലിച്ചത് കർഷക വഞ്ചനയാണ്. എ.സി റോഡിന്റെ നവീകരണം പറഞ്ഞുപോയതല്ലാതെ പ്രത്യേകം തുക വകയിരുത്താത്തത് അവഗണനയാണെന്നും അദ്ദേഹം പറഞ്ഞു.

# കുട്ടനാടിനോടുള്ള പ്രതിബദ്ധത: ടി.ജെ.ആഞ്ചലോസ്

രണ്ടാം കുട്ടനാട് പാക്കേജിന് 1000 കോടിഅനുവദിച്ചത് കാർഷിക മേഖലയ്ക്ക് ഉത്തേജനം നൽകുമെന്ന് സി.പി.എെ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു. വെള്ളപ്പൊക്ക കെടുതിയിൽ നിന്നു കുട്ടനാടിന്റെ രക്ഷയ്ക്കായി തോട്ടപ്പള്ളി ലീഡിംഗ് ചാനലിന് ആഴം കൂട്ടാനുള്ള 40 കോടിയുടെ പദ്ധതിയുമൊക്കെ അഭിനന്ദനാർഹമാണ്. ജില്ലയിലെ പ്രധാന പരമ്പരാഗത വ്യവസായങ്ങളായ കയർ, മത്സ്യ, കശുഅണ്ടി മേഖലകൾക്കും ആധുനിക വ്യവസായങ്ങൾക്കും ബ്ഡ്ജറ്റിൽ സഹായം അനുവദിച്ചതിലൂടെ ജില്ലയ്ക്ക് അർഹമായ പരിഗണന നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.