a

മാവേലിക്കര: ഇരു വൃക്കകളും തകരാറിലായി ജീവൻ അപകടത്തിലായ തഴക്കര പഞ്ചായത്ത് എട്ടാം വാർഡ് വെട്ടിയാർ മാങ്കാംകുഴി ശ്യാം ഭവനത്തിൽ ശശി- സുജ ദമ്പതികളുടെ മകൻ ശ്യാമിന്റെ (28 ) ജീവൻ രക്ഷിക്കാനുള്ള ദൗത്യം നാട് ഏറ്റെടുക്കുന്നു.

വൃക്ക നൽകാൻ പിതാവ് സന്നദ്ധനാണെങ്കിലും ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ നിർദ്ധന കുടുംബം ദുരിതത്തിലാണ്. ഇതോടെയാണ് തഴക്കര പഞ്ചായത്ത് ജനകീയ കൂട്ടായ്‍മ രൂപീകരിച്ച് ധനസഹായം സമാഹരിക്കാൻ രംഗത്തെത്തിയത്. തഴക്കര പഞ്ചായത്തിലെ 21 വാർഡുകളിലെ പഞ്ചായത്ത് അംഗങ്ങൾ ഈ മാസത്തെ ഓണറേറിയത്തിന്റെ പാതി തുക നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ കുടുംബശ്രീ, സാമൂഹ്യ സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ 21 വാർഡിലും 16ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഭവന സന്ദർശനം വഴിയുള്ള ധനസമാഹരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുകയാണ് ശ്യം.

തഴക്കര പഞ്ചായത്ത് പ്രസിഡൻറ് വത്സല സോമൻ ചെയർപേഴ്‌സണും എട്ടാം വാർഡിലെ പഞ്ചായത്തംഗം ഷീന കുറ്റിപ്പറമ്പിൽ കൺവീനറുമായിട്ടാണ് ചികിത്സാ ധനസഹായ സമിതി രൂപീകരിച്ചത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് വത്സല സോമൻ അദ്ധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.അനിരുദ്ധൻ, ഡോ.എ.വി. ആനന്ദരാജ്, കെ.രാജേഷ്, നൗഷാദ് മാങ്കാംകുഴി, രാജൻപിള്ള, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.