തുറവൂർ: മികച്ച എൽ.പി സ്കൂളിനുള്ള ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രത്തിന്റെ ഗാന്ധിദർശൻ ജില്ലാതല പുരസ്കാരം തുറവൂർ ഗവ.ടി.ഡി എൽ.പി സ്കൂളിന്.
തുടർച്ചയായി രണ്ടാം തവണയാണ് സ്കൂളിന് പുരസ്കാരം ലഭിക്കുന്നത്. എസ്.എൽ പുരം ഗ്രാമസേവാ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.കെ.ടി.മാത്യു പുരസ്കാരം സ്കൂൾ അധികൃതർക്ക് കൈമാറി. വിദ്യാഭ്യാസ പ്രവർത്തന പരിപാടികളിൽ 100 ശതമാനം സ്കോർ നേടിയ ആര്യ ലക്ഷ്മി, അച്യുത് അജിത് കമ്മത്ത് എന്നിവർ സ്വർണമെഡലുകൾ സ്വന്തമാക്കി. ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രം ഭാരവാഹികളായ രമ രവീന്ദ്രമേനോൻ, രവി പാലത്തുങ്കൽ, ഗാന്ധി സാഹിത്യകാരൻ അജിത്ത് വെണ്ണിയൂർ എന്നിവർ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും നൽകി.
പ്രഥമാദ്ധ്യാപകൻ എൻ.സി.വിജയകുമാർ, അദ്ധ്യാപകരും കോ-ഓർഡിനേറ്റർമാരുമായ പി.ആർ.രഞ്ജിനി, രോഹിണി കെ.മോഹൻ, സ്റ്റാഫ് സെക്രട്ടറി പി.എൻ.അബ്ദുൾ വഹാബ് എന്നിവരാണ് നേതൃത്വം നൽകുന്നത്.