lok-sabha

ജെ. പി. സിയിൽ ഉറച്ച് കോൺഗ്രസ്

ന്യൂഡൽഹി: പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തെ ചൂടുപിടിപ്പിച്ച റാഫേൽ യുദ്ധവിമാന ഇടപാടിൽ കേന്ദ്രസർക്കാരിന് ആശ്വാസമായി ലോക്‌സഭയിൽ ഇന്നോ നാളെയോ ചർച്ച നടന്നേക്കും.

സംവാദത്തിനുള്ള മന്ത്രി അരുൺജെയ്റ്റ്‌ലിയുടെ വെല്ലുവിളി സ്വീകരിക്കുന്നതായി കോൺഗ്രസ് നേതാവ് മല്ലികാ‌ർജ്ജുന ഖാർഖെ കഴിഞ്ഞദിവസമാണ് ലോക്‌സഭയെ അറിയിച്ചത്. സമയം തീരുമാനിക്കാനും സ്പീക്കർ സുമിത്ര മഹാജനോട് ആവശ്യപ്പെട്ടിരുന്നു. ചർച്ചയ്ക്ക് സഭ തയാറായിരുന്നെന്നും ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ടത് നിങ്ങളാണെന്നുമായിരുന്നു സ്പീക്കറുടെ മറുപടി.

സംയുക്ത പാർലമെന്ററി കമ്മിറ്റി റാഫേൽ ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമ്മേളനം ആരംഭിച്ച ഡിസംബർ 11മുതൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിൽ സഭ തുടർച്ചയായി സ്തംഭിക്കുകയാണ്.

കോൺഗ്രസ് ചർച്ചയ്ക്ക് തയാറായെങ്കിലും ജെ.പി.സി ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. യുദ്ധവിമാനങ്ങളുടെ വിലവിവരം വെളിപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്.

റാഫേൽ ഇടപാടിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളിയതോടെയാണ് പാർലമെന്റിൽ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം കനപ്പിച്ചത്.

ചർച്ചയ്‌ക്ക് തയാറാണെന്ന് സർക്കാർ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം ബഹളം തുടർന്നു. പ്രതിപക്ഷം ഒളിച്ചോടുകയാണെന്ന് അരുൺജെയ്റ്റ്‌ലി പരിഹസിച്ചിരുന്നു.

യുദ്ധവിമാനം വാങ്ങാനുള്ള തീരുമാനം എടുത്ത പ്രക്രിയ,വിമാനത്തിന്റെ വില നിശ്ചയിച്ചത്, ഇടപാടിലെ ഇന്ത്യൻ ഓഫ്‌സെറ്റ് പങ്കാളിയായി റിലയൻസിനെ നിശ്ചയിച്ചത് എന്നിവ സംബന്ധിച്ച പ്രധാന മൂന്ന് ആരോപണങ്ങളിലും കേന്ദ്രസർക്കാരിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചിരുന്നു. ഇത് കേന്ദ്രത്തിന് ആത്മവിശ്വാസം നൽകുന്നുണ്ട്.

ആധാർ നിയമഭേദഗതി ബിൽ ഇന്ന്

ആധാർ നിയമം, ടെലഗ്രാഫ് നിയമം, പണം തട്ടിപ്പ് തടയൽ നിയമം എന്നിവയിലെ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ കേന്ദ്രനിയമ മന്ത്രി രവിശങ്കർ പ്രസാദ് അവതരിപ്പിക്കും. ആധാർ സാമൂഹ്യക്ഷേമ പദ്ധതികൾക്ക് നിർബന്ധമാക്കിയ സുപ്രീംകോടതി വിധിയെ തുടർന്നാണ് കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവന്നത്. പുതിയ മൊബൈൽ കണക്‌ഷനും ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും ആധാർ കർശനമാക്കരുതെന്നും കോടതി വിധിച്ചിരുന്നു. തിരിച്ചറിയൽ രേഖയായി ആധാർ വേണമെന്ന് നിർബന്ധിക്കുന്ന ബാങ്കുകൾക്കും ടെലികോം കമ്പനികൾക്കും പിഴയും ഉദ്യോഗസ്ഥർക്ക് തടവു ശിക്ഷയും ലഭിക്കുന്നതരത്തിലാണ് ഭേദഗതി. ആധാർ ഡാറ്റ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചാലും ശിക്ഷ ലഭിക്കും. 18 വയസ് തികഞ്ഞാൽ സ്വയം ആധാറിൽ നിന്ന് പുറത്തുകടക്കാനും അവസരമൊരുങ്ങും.

ആരോഗ്യമേഖലയിലെ ഗുണമേന്മ ഉറപ്പാക്കാനുള്ള ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ലും ഇന്ന് സഭയിൽ അവതരിപ്പിക്കും.