ന്യൂഡൽഹി:ശബരിമലയിലെ സ്‌ത്രീപ്രവേശന നിയന്ത്രണം ആചാരമാണെന്നും പ്രായഭേദമെന്യേ സ്‌ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി ബെഞ്ചിലെ വനിതാ ജഡ്‌ജിയുടെ വിയോജന വിധി ശ്രദ്ധിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
പുതുവത്സരദിനത്തിൽ വാർത്താഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ശബരിമല വിധിയെ പറ്റി ആദ്യമായാണ് അദ്ദേഹം പ്രതികരിക്കുന്നത്.
മുത്തലാഖ് ലിംഗസമത്വത്തിന്റെ വിഷയമാണെന്നും അതും ശബരിമലയും വ്യത്യസ്തമായി കാണണമെന്നും മോദി പറഞ്ഞു.
മുത്തലാഖിലും ശബരിമലയിലും കേന്ദ്രസർക്കാരിനും ബി.ജെ.പിക്കും ഇരട്ടത്താപ്പാണെന്ന വിമർശനങ്ങൾക്ക് കൂടിയുള്ള മറുപടിയായി പ്രധാനമന്ത്രിയുടെ പ്രതികരണം.
മിക്ക മുസ്‌ലിം രാജ്യങ്ങളും മുത്തലാഖ് നിരോധിച്ചിട്ടുണ്ട്. പാകിസ്ഥാനിൽ പോലും നിരോധിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിക്ക് ശേഷമാണ് മുത്തലാഖ് ഓർഡിനൻസ് കൊണ്ടുവന്നത്.അതൊരു മതവിഭാഗത്തേയോ വിശ്വാസത്തേയോ ലക്ഷ്യം വച്ചുള്ളതല്ല. ശബരിമല ലിംഗസമത്വത്തിന്റെ വിഷയമാണ്. സാമൂഹ്യനീതിയുടേതാണ്.
പുരുഷൻമാർക്ക് പോകാനാവാത്ത ആചാരങ്ങളുള്ള ചില ക്ഷേത്രങ്ങളുണ്ട്. ശബരിമല വിഷയത്തിൽ വനിതാ ജഡ്‌ജി ചില പ്രത്യേക നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. അത് ശ്രദ്ധാപൂർവം വായിക്കേണ്ടതുണ്ട്. അതിനെ ഒരു രാഷ്ട്രീയപാർട്ടിയുമായും ബന്ധിപ്പിക്കേണ്ടതില്ല. ഒരു സ്ത്രീയെന്ന നിലയിൽ അവർ ചില നിർദ്ദേശങ്ങൾവച്ചു. അതിൽ ചർച്ച നടക്കേണ്ടതുണ്ട്. മോദി വ്യക്തമാക്കി.
മുത്തലാഖിൽ പുരോഗനം വാദിച്ച് ബി.ജെ.പിയും സർക്കാരും നിയമനിർമ്മാണത്തിനൊരുങ്ങുമ്പോൾ ശബരിമല വിഷയത്തിൽ ആചാരത്തിന്റെ പേരിൽ പിന്നോട്ടുപോകുന്നതെന്താണെന്ന എ.എൻ.ഐ എഡിറ്റർ സ്‌മിത പ്രകാശിന്റെ ചോദ്യത്തിനായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.