r
റാഫേൽ

ന്യൂഡൽഹി: റാഫേൽ ഇടപാടിൽ സ്വതന്ത്ര അന്വേഷണ ആവശ്യം തള്ളി കേന്ദ്രസർക്കാരിന് ക്ലീൻചിറ്റ് നൽകിയ സുപ്രീംകോടതി വിധിക്കെതിരെ ഹർജിക്കാർ പുനഃപരിശോധനാ ഹർജി നൽകി. മുൻകേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺഷൂരി, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേന്ദ്രസർക്കാർ സമർപ്പിച്ച വസ്തുതാവിരുദ്ധമായ കാര്യങ്ങളെ ആശ്രയിച്ചാണ് വിധി പറഞ്ഞത്. വിധിയിൽ ഗുരുതര പിഴവുകളുണ്ട്. ഹർജിയിൽ തുറന്നകോടതിയിൽ വാദം കേൾക്കണം.

വിധിയിൽ റാഫേലിൽ സി.എ.ജി റിപ്പോർട്ട് സമർപ്പിച്ചതായി പറയുന്നുണ്ട്. ഇത് ശരിയല്ല. അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിന്റെ മാതൃസ്ഥാപനമായി മുകേഷ് അംബാനിയുടെ കമ്പനിയെയാണ് വിധിയിൽ പരാമർശിക്കുന്നത്. ഇതും തെറ്റാണ്. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസും അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചറും തമ്മിൽ കോടതിക്ക് ആശയക്കുഴപ്പമുണ്ടായിട്ടുണ്ട്. എയർഫോഴ്സ് ഉദ്യോഗസ്ഥരോട് വിലവിവരം ഉൾപ്പെടെ ചോദിച്ചറിഞ്ഞതായും വിധിയിൽ പരാമർശിക്കുന്നു. എന്നാൽ ഇന്ത്യൻ എയർഫോഴ്സിന്റെ കൈയിൽ ഏത് തലമുറ വിമാനമാണുള്ളത്, റാഫേൽ ഏത് തലമുറ യുദ്ധവിമാനമാണ് തുടങ്ങിയവയാണ് കോടതി ചോദിച്ചതെന്നും ചൂണ്ടിക്കാണിക്കുന്നു.